പൊന്മുടി : പൊന്മുടിയിലെത്തിയ യുവതിയുടെ കാൽ പാറയിടുക്കിൽ കുടുങ്ങി. പരിക്കേറ്റ യുവതിയെ പൊന്മുടി പൊലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അര കിലോ മീറ്ററോളം ചുമന്ന് വാഹനത്തിലേക്ക് എത്തിച്ചു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ അപ്പർ സാനിറ്റോറിയത്തിനു സമീപമായിരുന്നു സംഭവം. മണക്കാട് നിന്നു ഭർത്താവിനൊപ്പം എത്തിയ യുവതി ഗ്രൗണ്ടിനു താഴ്ഭാഗത്തെ പാറക്കൂട്ടങ്ങൾ നിറഞ്ഞ പുൽമേടിലൂടെ നടക്കവെ കാൽ പാറയിടുക്കിൽ കുടുങ്ങുകയായിരുന്നു. കാലിന്റെ കുഴ തെറ്റിയതോടെ നടക്കാൻ കഴിയാതെ വന്നു. ഉടൻ തന്നെ ഭർത്താവ് 108 ആംബുലൻസ് സർവീസിലേക്കു വിളിച്ചെങ്കിലും വാഹനം ലഭ്യമായില്ല. തുടർന്നു പൊന്മുടി പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വിവരം പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ സബ് ഇൻസ്പെക്ടർ എസ്. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി യുവതിയെ കസേരയിൽ ഇരുത്തി ഗ്രൗണ്ട് വരെ ചുമന്നു. സിപിഒമാരായ വിജയൻ, ഷിബു, എസ്. സജീർ, സി.ബി. പ്രശാന്ത്, സർജു എസ്. നായർ എന്നീ പൊലീസുകാർക്കൊപ്പം വിനോദ സഞ്ചാരികളിൽ ചിലരും ദൗത്യത്തിൽ പങ്കാളികളായി. പരുക്ക് ഗുരുതരമല്ല. വിതുര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി യുവതി മടങ്ങി.