കാട്ടാക്കട : കാട്ടാക്കട ആർ.ടി.ഓഫീസ് പരിധിയിൽ ഡ്രൈവിങ് ലൈസൻസിനുവേണ്ടിയുള്ള ലേണേഴ്സ് ടെസ്റ്റ് ആഴ്ചയിൽ രണ്ടുദിവസമാക്കിയത് ഡ്രൈവിങ് പഠനത്തെ ബാധിക്കുന്നു. ജീവനക്കാരുടെ കുറവായതിനാലാണ് കൂടുതൽ ദിവസം ടെസ്റ്റ് നടത്താൻ സാധിക്കാത്തത്.
ഒരുവർഷം മുൻപാണ് കാട്ടാക്കട ആർ.ടി.ഓഫീസ് ഉദ്ഘാടനം ചെയ്തത്. ഒരുവർഷമായിട്ടും ജീവനക്കാരുടെ കുറവുനികത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കാട്ടാക്കട ആർ.ടി.ഓഫീസ് പരിധിയിൽ ഇരുപത്തിയഞ്ചോളം ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിൽ പരിശീലനത്തിനെത്തുന്നവരെക്കൂടാതെ നേരിട്ട് അപേക്ഷ നൽകുന്നവരുമുണ്ട്. കാട്ടാക്കട ആർ.ടി. ഓഫീസിന്റെ പരിധിയിൽ ഒരുദിവസം ലേണേഴ്സ് ടെസ്റ്റിന് 60 പേർക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. ലേണേഴ്സ് ടെസ്റ്റിന് നൂറുകണക്കിന് അപേക്ഷകരാണുള്ളത്. ആഴ്ചയിൽ രണ്ടുദിവസം മാത്രം ടെസ്റ്റ് നടത്തുന്നതിനാൽ പലർക്കും ഒരാഴ്ചയിലധികം ടെസ്റ്റിനായി കാത്തിരിക്കേണ്ടിവരുന്നു. ലേണേഴ്സ് ലൈസൻസ് കിട്ടാൻ വൈകുന്നതിനാൽ ഇവരുടെ പ്രായോഗിക പരിശീലനവും വൈകുന്നു.
നെയ്യാറ്റിൻകര ആർ.ടി.ഓഫീസിൽ ആഴ്ചയിൽ മൂന്നു ദിവസം ലേണേഴ്സ് ടെസ്റ്റ് നടത്തുന്നുണ്ട്. ഈ ദിവസങ്ങളിൽ ഒരേസമയം 120 പേർക്ക് പരീക്ഷ എഴുതാൻ സാധിക്കുന്നു. ഇതേ മാതൃക പിന്തുടർന്നാൽ കാട്ടക്കടയിലും ബുദ്ധിമുട്ട് ഒഴിവാക്കാനാകും. വിഷയത്തിൽ കാട്ടാക്കട ആർ.ടി.ഒ.യുടെ പ്രതികരണത്തിനായി പലവട്ടം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.