ആര്യനാട് : മൂന്നു പതിറ്റാണ്ടിന്റെ സേവനത്തിനൊടുവിൽ മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർക്കു ലഭിച്ച സംസ്ഥാന അവാർഡ് തുകയും ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിച്ചു സഹജീവി സ്‌നേഹവും സാമൂഹ്യ സേവനവുമാണ് മഹത്തായ കാര്യം എന്നു ഊട്ടി ഉറപ്പിക്കുകയാണ് അംഗൻവാടി ടീച്ചറും സാമൂഹിക പ്രവർത്തകയുമായ ഉഷാകുമാരി. 2017-18 ലെ മികച്ച അംഗൻവാടി സൂപ്പർവൈസർക്കുള്ള അവാർഡ് തുകയ്ക്കാണ് സഹപ്രവർത്തകരുടെ സഹായത്തോടെ കണ്ടെത്തിയ കുറ്റിച്ചൽ സ്വദേശിനിയായ ചന്ദ്രലേഖക്കു തയ്യൽ മെഷ്യൻ വാങ്ങി നൽകി ജീവിതമാർഗ്ഗത്തിനു വഴിയൊരുക്കിയത്. ആര്യനാട് ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ ഉഷാകുമാരി തന്നെ സഹ പ്രവർത്തകരുടേയും അംഗൻവാടി ടീച്ചർമാരുടേയും സാന്നിദ്ധ്യത്തിൽ തയ്യൽ മെഷ്യൻ ചന്ദ്രലേഖയ്ക്കു കൈമാറി. 1980 മുതൽ മൂന്ന് പതിറ്റാണ്ടു കാലത്തിലേറെയായി സാമൂഹ്യ സേവന രംഗത്തും അംഗൻവാടി ടീച്ചറായും ഉഷാകുമാരി പ്രവർത്തിക്കുകയാണ്. ഇതിനിടയിൽ 2010 ൽ ഐ.സി.ഡി.എസ് സൂപ്പർ വൈസറായി ജോലി ലഭിച്ചു. ഈ കാലയളവിൽ നിരവധി പേർക്കാണ് ജീവിതമാർഗ്ഗമുണ്ടാക്കാൻ ഉഷാകുമാരി ശ്രദ്ധ നൽകിയത്. മികച്ച സേവനത്തിന് സർക്കാർ നൽകിയ സംസ്ഥാന അവാർഡ് തുകയും നിർദ്ധനരായ ആർക്കെങ്കിലും ജീവിതമാർഗ്ഗമായി ഉപകാരപ്പെടണം എന്നു ഉഷാകുമാരി തീരുമാനിക്കുകയും ഇതിനായി തയ്യൽ മെഷ്യൻ വാങ്ങി നൽകാനും തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഗുണഭോക്താവായി സഹപ്രവർത്തകരുടെ കൂടി സഹായത്തോടെയാണ് ചന്ദ്രലേഖയെ കണ്ടെത്തിയത്. 2019 മെയ് മാസം 31ന് ജോലിയിൽ നിന്നും വിരമിക്കാനിരിക്കേയാണ് മികച്ച അംഗൻവാടി സൂപ്പർ വൈസർക്കുള്ള അവാർഡ് ഉഷാകുമാരിയെ തേടിയെത്തിയത്.