പള്ളിക്കൽ : വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രധാന പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല, മേൽ വെട്ടൂർ, പുതുവൽ പുത്തൻവീട്ടിൽ രാജേന്ദ്രന്റെ മകൻ വിഷ്ണു (27) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജൂൺ 8ന് പുലർച്ചെ 3അര കഴിഞ്ഞാണ് സംഭവം. പള്ളിക്കൽ മൂതലയുള്ള മോളിചന്ത വടക്കേ തോട്ടത്തിൽ അനോജിന്റെ വീടിൻറെ മുൻ വാതിൽ പൊളിച്ചാണ് മോഷണം നടത്തിയത്. അനോജും കുടുംബവും ഒരാഴ്ച വീട്ടിൽ നിന്നും മാറിനിന്ന സമയത്താണ് മോഷണം നടന്നത്. വീട്ടിൽ പട്ടി ഉണ്ടായിരുന്നിട്ടും മോഷ്ടാക്കൾ പട്ടിയെ വരുതിയിലാക്കിയ ശേഷമാണ് മോഷണം നടത്തിയത്. തുടർന്ന് കേസെടുത്ത പള്ളിക്കൽ പോലീസ് സയൻറിഫിക് ഓഫീസറുടെ സഹായത്തോടെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും പൊലീസ് നായയെ കൊണ്ട് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയുമാണ് അന്വേഷണം തുടർന്നത്. കേസിൽ ആളില്ലാത്ത വീടുകളുടെ മുൻവാതിൽ പൊളിച്ചു കയറുന്ന കള്ളന്മാരെ സംബന്ധിച്ച് അന്വേഷണം നടത്തുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ തന്നെ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഫാൻറം പൈലി, കണ്ണപ്പൻ രതീഷ് എന്നിവർ പിടിയിലായിരുന്നു. കന്യാകുമാരി മാർത്താണ്ഡം നിന്നുമാണ് പ്രതികൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രധാനപ്രതി വിഷ്ണുവിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി വിഷ്ണു ഒളിവിലായിരുന്നു. നിരവധി ബൈക്ക് മോഷണങ്ങൾ, വീട് കുത്തിത്തുറന്ന് മോഷണം, ബൈക്കിലെത്തി മാലപൊട്ടിക്കൽ തുടങ്ങി വിവിധ കേസുകളിലെ പ്രതിയാണ് വിഷ്ണു.
കാവൽപ്പട്ടി ഉള്ളതും സിസിടിവി ഉള്ളതുമായ വീടുകൾ കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തുന്നത്. സിസിടിവി ഉള്ള വീടുകളിൽ നിന്നും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്ന ഡിവിആർ ഉൾപ്പെടെ ഇവർ മോഷ്ടിക്കും.
പള്ളിക്കൽ സിഐ ശ്രീജിത്ത് പി, എസ്.ഐ സഹിൽ എം, എസ്.ഐ ബിജു, എസ്.സി.പി.ഒമാരായ മനോജ്, വിനോദ്, സിപിഒ സുധീർ തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു