പള്ളിച്ചൽ : ഹർത്താൽ ദിനത്തിൽ പള്ളിച്ചൽ അയണിമൂട്ടിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിനു നേരേ അക്രമം. പമ്പിന്റെ ചുമതലക്കാരനെ അസഭ്യം പറയുന്നത് വിലക്കിയ സൂപ്പർവൈസറെയും തടയാൻ ശ്രമിച്ച വനിതകളുൾപ്പെടെയുള്ള ജീവനക്കാരെയും മർദ്ദിച്ചുവെന്നാണ് പരാതി. ഹർത്താലിനിടെ രാവിലെ പതിനൊന്നുമണിയോടുകൂടിയാണ് സംഭവം.
ദേശീയപാതയോട് ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ പമ്പാണിത്. ഇത് തുറന്നതിനെതിരേ ഹർത്താൽ അനുകൂലിയായ ഒരാളെത്തി പമ്പ് ചുമതലക്കാരനായ ഹരി പ്രകാശിനെ അസഭ്യം പറഞ്ഞു. ഇതിനെ സൂപ്പർവൈസർ ഷൈൻ വിലക്കി. ഇതിൽ പ്രകോപിതനായ ഹർത്താൽ അനുകൂലി തിരികെ പോയശേഷം ഇരുചക്രവാഹനങ്ങളിലായി സംഘമായി മടങ്ങിയെത്തി ഷൈനിനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഹരി പ്രകാശിനും ജീവനക്കാരായ രഞ്ജുഷ, സെലീൻ, അനുരാഗ് എന്നിവർക്കും മർദ്ദനമേറ്റത്. നരുവാമൂട് പോലീസിൽ പരാതി നൽകി. ബൈക്കിലെത്തി മർദ്ദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. അക്രമമുണ്ടായതിനെ തുടർന്ന് പമ്പ് അടച്ചു.പരിക്കേറ്റ ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടി.