കിളിമാനൂർ: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്തതിന് അച്ഛന്‍ മകനെ മണ്‍വെട്ടി കൊണ്ട് അടിച്ചു. പരിക്കേറ്റ കുട്ടിയെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കിളിമാനൂര്‍ സ്വദേശി സാബുവാണ് പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് ലഭിക്കാത്തതിന് സ്വന്തം മകനെ മണ്‍വെട്ടി വച്ച് അടിച്ചത്. ഇന്നലെ എസ്.എസ്.എല്‍.സി. പരീക്ഷഫലം പുറത്തു വന്ന ശേഷമായിരുന്നു സംഭവം.
ആറ് എ പ്ലസ് നേടി മികച്ച വിജയമാണ് പരീക്ഷയില്‍ മകന്‍ സ്വന്തമാക്കിയത് എന്നാല്‍ അവശേഷിച്ച വിഷയങ്ങളില്‍ എ പ്ലസ് കിട്ടാത്തെ വന്നത് സാബുവിനെ പ്രകോപിക്കുകയും മകനെ ആക്രമിക്കുകയുമായിരുന്നു.
ഇവരുടെ വീട്ടില്‍ നിന്നുള്ള ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് സാബുവില്‍ നിന്നും കുട്ടിയെ രക്ഷിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ കിളിമാനൂര്‍ പൊലീസ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സാബുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ സാബുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്