സംസ്ഥാന സർക്കാരിന്റെ വാതിൽപ്പടി സേവനപദ്ധതി നടത്തിപ്പിൽ മാതൃകയായി പള്ളിച്ചൽ പഞ്ചായത്ത്. പള്ളിച്ചലിലെ താന്നിവിള കുറണ്ടിവിള വാർഡിലാണ് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നത്. വാർഡിലെ മുഴുവൻ കുടുംബങ്ങളിലും ഒറ്റ ദിവസംകൊണ്ട് സർവേ നടത്തി സേവനാവകാശ ചാർട്ട് തയ്യാറാക്കി ഗാന്ധിജയന്തി ദിനത്തിൽ പദ്ധതിയുടെ ഓഫീസ് പ്രവർത്തനം ആരംഭിക്കും.
വാർഡ് മെമ്പർ വി വിജയൻ ചെയർമാനായുള്ള സമിതിക്കു പുറമേ കുടുംബശ്രീ യൂണിറ്റുകൾ ഗ്രന്ഥശാലാ പ്രവർത്തകർ, വിവിധ സംഘടനാ പ്രവർത്തകർ എന്നിവർ പദ്ധതിയുടെ നടത്തിപ്പുകാരാകും. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് കേന്ദ്ര കമ്മിറ്റി അംഗം കെ ജി ഹരികൃഷ്ണൻ, കില റിസോഴ്സ് പേഴ്സൺ എം മഹേഷ് കുമാർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്തിനുതന്നെ മാതൃകയാകാനാണ് ശ്രമമെന്ന് പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി മല്ലിക, വാർഡ് മെമ്പർ വി വിജയൻ എന്നിവർ പറഞ്ഞു.