കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ പണയ സ്വർണം തിരിമറി നടത്തിയ പ്രതി പോലീസ് പിടിയിൽ.പണമിടപാട് സ്ഥാപനത്തിലെ അസിസ്റ്റൻറ് ബ്രാഞ്ച് ഹെഡ് ആയി ജോലി നോക്കുകയായിരുന്ന അണ്ടൂർക്കോണം കീഴാവൂർ പ്രതീക്ഷാ വീട്ടിൽ ദീപ (46) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ രണ്ടു വർഷമായി കിളിമാനൂരിൽ പ്രവർത്തിക്കുന്ന പണമിടപാട് സ്ഥാപനത്തിൽ ജോലി നോക്കി വരികയായിരുന്നു. കിളിമാനൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ആൾക്കാരിൽ നിന്നും സ്വർണം വാങ്ങി അവർക്ക് പണം നൽകുകയും അവരിൽ നിന്നും തവണകളായി പണം തിരികെ വാങ്ങി ആ പണം തിരികെ സ്ഥാപനത്തിൽ അടയ്ക്കാതെ സ്വർണം തിരികെ നൽകുകയും ആ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം സ്ഥാപനത്തിൽ സൂക്ഷിക്കുകയും ചെയ്തു. കൂടാതെ പണമിടപാട് സ്ഥാപനത്തിൽ വരുന്ന ഇടപാടുകാരുടെ ഐഡികാർഡ് ശേഖരിച്ച് വ്യാജ സ്വർണം വാങ്ങി അവ പണയം വച്ചുമാണ് പണം കൈക്കലാക്കിയിരുന്നത്. സ്ഥാപനത്തിൽ ഓഡിറ്റ് നടന്നപ്പോഴാണ് ഈ വസ്തുതകൾ പുറത്തുവരുന്നത്.
പോലീസ് പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി ഡി എസ് സുനീഷ് ബാബുവിനെ നിർദ്ദേശാനുസരണം കിളിമാനൂർ ഐഎസ്എച്ച്ഒ എസ് സനോജ്, എസ് ഐമാരായ വിജിത് കെ നായർ, സവാദ് ഖാൻ, സിപിഒമാരായ റിയാസ്, ഷിജു ,ഷംനാദ് , ഗായത്രി, പ്രിയ, സജന എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്