ആറ്റിങ്ങലിൽ അച്ഛനെയും മകളെയും മോഷ്ടാക്കളെന്ന് ആരോപിച്ച് പരസ്യമായി അപമാനിച്ച സംഭവത്തിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയെ യൂണിഫോമിലുള്ള ജോലിയിൽനിന്ന് ഒഴിവാക്കണമെന്നാണ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.
പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിൽനിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിർത്തണമെന്നും നിർദേശിച്ചു. പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി പോലീസ് സേനയുടെ അന്തസ്സിന് കളങ്കമേൽപ്പിച്ചെന്നും കമ്മീഷൻ വിലയിരുത്തി.
പിങ്ക് പോലീസ് സ്ക്വാഡിലെ ഉദ്യോഗസ്ഥ സി.പി. രജിതയാണ് തോന്നയ്ക്കൽ സ്വദേശിയായ ജയചന്ദ്രനെയും മകളെയും മൊബൈൽ മോഷ്ടാക്കളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചത്. ഇവർ തന്റെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ ഇരുവരെയും പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. ഓഗസ്റ്റ് മാസത്തിലായിരുന്നു സംഭവം. ഇത് വിവാദമായതോടെ രജിതയെ റൂറൽ എസ്.പി. ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥക്കെതിരേ കർശന നടപടി വേണമെന്നായിരുന്നു ജയചന്ദ്രന്റെയും കുടുംബത്തിന്റെയും ആവശ്യം. വിവിധ സംഘടനകളും ഇവർക്ക് പിന്തുണമായി രംഗത്തെത്തിയിരുന്നു.