ഇടവ :കാപ്പിൽ പൊഴിമുഖത്ത് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.കല്ലമ്പലം മാവിന്‍മൂട് പ്ലാവിള വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന്‍ വിഷ്ണു(19)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.മാവിന്‍മൂട് സ്വദേശി ഗിരീഷിന്റെ മകന്‍ അച്ചു എന്നുവിളിക്കുന്ന ആരോമലിനെ (16)ഇതുവരെ കണ്ടുകിട്ടിയില്ല. തിരയില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കല്ലുവാതുക്കല്‍ സ്വദേശി ആദര്‍ശിനെ(17)യാണ് രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച വൈകുന്നേരം 4.45-ഓടെ കാപ്പില്‍ പൊഴിമുഖത്തായിരുന്നു അപകടം. കടല്‍ത്തീരത്തെത്തിയ രണ്ട് സംഘങ്ങളില്‍പ്പെട്ട മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്.വിഷ്ണുവും ആരോമലും നാവായിക്കുളം സ്വദേശി കണ്ണനുമടങ്ങിയ സംഘം വൈകുന്നേരം നാലുമണിയോടെയാണ് തീരത്തെത്തിയത്. വിഷ്ണുവും ആരോമലും കടലില്‍ ഇറങ്ങുകയും കണ്ണന്‍ കരയില്‍ നില്‍ക്കുകയുമായിരുന്നു. ഇരുവരും കടലില്‍ നീന്തിക്കുളിക്കുമ്പോള്‍ ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് മുങ്ങിത്താഴുകയായിരുന്നു. കല്ലുവാതുക്കലില്‍ നിന്നെത്തിയ അഞ്ചംഗസംഘത്തിലെ ആദര്‍ശും കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു. ഒപ്പമുള്ളവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാപ്പില്‍ ബോട്ട് ക്ലബ്ബില്‍ നിന്നും സ്പീഡ് ബോട്ടില്‍ ലൈഫ് റിങ് എത്തിച്ചു. നീന്തലറിയാവുന്ന പ്രദേശവാസി റിങ് ഉപയോഗിച്ച് ആദര്‍ശിനെ രക്ഷപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞ് വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തില്‍ പോലീസും പരവൂരില്‍നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. കോസ്റ്റല്‍ പോലീസിന്റെ സേവനവും ലഭ്യമാക്കി. വിഷ്ണു ഐ.ടി.ഐ. വിദ്യാര്‍ഥിയും ആരോമല്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.ചുഴിയും ശക്തമായ അടിയൊഴുക്കുമാണ് അപകടത്തിനു കാരണമായത്.
അയിരൂർ പോലീസും പരവൂർ ഫയർഫോഴ്സും കഴിഞ്ഞ ദിവസം മുതൽ അന്വേഷണം നടത്തുകയായിരുന്നു. അച്ചുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.