നാവായിക്കുളം : നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കപ്പാംവിള തയ്ക്കാവ്മുക്ക് – വട്ടക്കോണം റോഡ് തകർന്നിട്ട് മാസങ്ങളേറെയായി. ഒരു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിനിരുവശവും താമസിക്കുന്ന അമ്പതോളം കുടുംബങ്ങളാണ് റോഡ് തകർന്നതുമൂലം ദുരിതമനുഭവിക്കുന്നത്. നാട്ടുകാർക്ക് ദുരിതം മാത്രം സമ്മാനിക്കുന്ന റോഡ് ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പധികൃതർക്ക് നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇത്രത്തോളം അധികൃതരുടെ അവഗണന നേരിടുന്ന മറ്റൊരു റോഡ് പഞ്ചായത്തിലില്ലെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. പ്രദേശത്ത് ബ്ലോക്ക് ഫാക്ടറി പ്രവർത്തിക്കുന്നതിനാൽ നിരവധി ടിപ്പർലോറികളും വലിയ വാഹനങ്ങളും ഇടതടവില്ലാതെ ഇതുവഴി ഓടുന്നതിനാലാണ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത്. കാൽനട യാത്രപോലും ദുഷ്കരമായ റോഡിൽ ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷകൾ പോലും സവാരി നടത്തുന്നില്ല. അത്യാവശ്യ ഘട്ടത്തിൽ ആംബുലൻസ്, പൊലീസ്, അഗ്നിശമനസേനയുടെ വാഹനങ്ങൾ ഇതിനൊന്നും പെട്ടെന്ന് എത്താൻ കഴിയുന്നില്ല. ഭരണപക്ഷത്തായിരുന്ന വാർഡ് മെമ്പർ കൂറുമാറി പ്രതിപക്ഷത്തോട് ചേർന്നതാണ് വാർഡിൽ വികസനം ഇത്രയധികം മുരടിക്കാൻ കാരണമെന്നും ആക്ഷേപമുണ്ട്. റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാവശ്യം ശക്തമാണ്.