നെടുമങ്ങാട് : അനധികൃത വാഹന പാർക്കിംഗ് വീർപ്പുമുട്ടിക്കുന്ന നെടുമങ്ങാട് റവന്യൂ ടവറിൽ പാർക്കിംഗ് പ്രശ്‌നത്തെ ചൊല്ലി തഹസിൽദാരും സഹകരണ എ.ആർ ഓഫീസറും കൊമ്പുകോർത്തു. ഇന്നലെ ഉച്ചയ്ക്കാണ് നാടകീയ രംഗങ്ങൾ. തഹസിൽദാരുടെ വാഹനത്തിന് പിന്നിൽ പാർക്ക് ചെയ്തിരുന്ന ജില്ലാ സഹകരണ ബാങ്കിന്റെ കാർ, തഹസിൽദാർ ഇടപെട്ട് അവിടെ നിന്ന് മാറ്റിയിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലെ വനിതാ ഓഫീസർ ആർ.ആർ ഓഫീസിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി പോയിരിക്കവേയാണിത്. തഹസിൽദാർ പുറത്തു പോയതോടെ അദ്ദേഹത്തിന്റെ വാഹനം പാർക്ക് ചെയ്യുന്നിടത്ത് ജില്ലാ സഹകരണ ബാങ്കിന്റെ കാർ വീണ്ടും ഇടംപിടിച്ചു. രണ്ടു മണിയോടെ മടങ്ങിയെത്തിയ തഹസിൽദാർ തന്റെ ഔദ്യോഗിക വാഹനം ഈ കാറിനു പിറകിലായി പാർക്ക് ചെയ്ത് താലൂക്കോഫീസിലേക്കു പോയി. കാർ എടുക്കാനാവാതെ വലഞ്ഞ എ.ആർ ഓഫീസർ തഹസിൽദാരുമായി കൊമ്പു കോർക്കുകയായിരുന്നു. ഒന്നര മണിക്കൂറോളം റവന്യു ടവറിന് മുന്നിൽ ജീവനക്കാർ തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായി. ഒടുവിൽ വാഹനം മാറ്റാൻ തഹസിൽദാർ സന്നദ്ധനായെങ്കിലും കാറിൽ കയറാതെ എ.ആർ ഓഫീസർ സ്വകാര്യ വാഹനത്തിലാണ് മടങ്ങിയത്. റവന്യു ടവർ വളപ്പിൽ പുറമേ നിന്നുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഔദ്യോഗിക വാഹനങ്ങൾ കുരുക്കിൽ പെടുന്നത് പതിവാണെന്നും ഇക്കാര്യം ടവറിന്റെ ഉടമസ്ഥതയുള്ള ഹൗസിംഗ് ബോർഡിനെ രേഖാമൂലം അറിയിച്ചതായും തഹസിൽദാർ പറഞ്ഞു. പാർക്കിംഗ് നിയന്ത്രിക്കാൻ പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു.