ആറ്റിങ്ങൽ: നഗരസഭ വാർഡ് 14 ചിറ്റാറ്റിൻകര പീജീ ഹൗസിൽ സുബ്രഹ്മണ്യൻ ആചാരി സെൽവി ദമ്പതികളുടെ ഇളയ മകൾ എസ്.എസ്.ഗായത്രിക്കാണ് എം എസ് സി ബയോ കെമിസ്ട്രിയിൽ രണ്ടാം റാങ്ക് ലഭിച്ചത്. ഒന്നാം ക്ലാസ് മുതൽ പത്ത് വരെ നവഭാരത് സ്കൂളിലും, പ്ലസ് ഒൺ പ്ലസ്ടു ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും, ബിരുദ പഠനം കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലുമാണ് പൂർത്തിയാക്കിയത്. തുടർന്ന് ഈ ക്യാമ്പസിൽ തന്നെ 2019 ൽ എം എസ് സി ബയോ കെമിസ്ട്രിക്ക് 2 വർഷത്തെ ഉപരി പഠനത്തിനായി ഗായത്രി പ്രവേശിച്ചു. ഗായത്രിയുടെ അച്ഛൻ സുബ്രഹ്മണ്യൻ ആചാരി ഒരു വർക്ക്ഷോപ്പ് തൊഴിലാളിയാണ്. മാതാപിതാക്കളോടൊപ്പം സഹോദരൻ ഗണേഷിന്റെയും പരിപൂർണ പിൻതുണ തന്റെ ഈ വിജയത്തിന് കാരണമായി. തുടർന്ന് ഈ വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്താനാണ് ആഗ്രഹമെന്നും ഗായത്രി കൂട്ടി ചേർത്തു.
സി പി എം അവനവഞ്ചേരി തെരുവ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഗായത്രിക്ക് ആദരം ഏർപ്പെടുത്തി. എംഎൽഎ ഒ.എസ്.അംബിക, നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി എന്നിവർ ചേർന്ന് റാങ്ക് ജേതാവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫായിസ, സുമയ്യ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, കൗൺസിലർ എം.താഹിർ, സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ സുധീർ ബിസിഡി, പ്രവർത്തകരായ മുരളീധരൻ നായർ, നജീം, അഖിൽ, ബർമ്മ ബഷീർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. വിജയികളോടും കുടുംബാംഗങ്ങളോടും ഒപ്പം മധുരം പങ്കിട്ട ശേഷമാണ് സംഘം മടങ്ങിയത്.