കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കടലുകാണിപ്പാറ ക്ഷേത്രത്തിലും സമീപപ്രദേശങ്ങളിലെ കാവുകളിലും മോഷണം നടത്തിയവർ കിളിമാനൂർ പോലീസിന്റെ പിടിയിൽ.വാമനപുരം ആനാകുടി ചാലുവിള വീട്ടിൽ തോമസ് (55), വാമനപുരം, ആനാകുടി തോട്ടിൻകര തടത്തരികത്ത് പുത്തൻവീട്ടിൽ ബിജു( 35) എന്നിവരാണ് പിടിയിലായത്.
കടലുകാണിപ്പാറ ക്ഷേത്രത്തിൽ നിന്നും വിളക്കുകളും ഓട്ടുപാത്രങ്ങളും സ്വർണ്ണ പൊട്ടുകളും ഓഫീസ് കെട്ടിടത്തിൽ മേശയ്ക്കകത്ത് സൂക്ഷിച്ചിരുന്ന ഏഴായിരത്തോളം രൂപയും കാണിക്കവഞ്ചിയിൽ ഉണ്ടായിരുന്ന നാണയങ്ങളും മോഷണം ചെയ്ത കേസിലാണ് പ്രതികൾ അറസ്റ്റിലായത്. ക്ഷേത്രഭാരവാഹികൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
തിരുവനന്തപുരം റൂറൽ എസ് പി പി.കെ മധുവിൻറെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ സനൂജ്, എസ്ഐമാരായ വിജിത്ത് കെ നായർ, സവാദ് ഖാൻ, നാഹിറുദ്ദീൻ, എസ്.സി.പി.ഒമാരായ അജോ ജോർജ്, ഷംനാദ്, സിപിഒമാരായ പ്രദീപ്, മഹേഷ്, ഷിജു,ബിനു എന്നിവരടങ്ങിയ പ്രത്യേക സംഘത്തെ കേസ് അന്വേഷണത്തിനായി നിയോഗിക്കുകയും സിസിടിവി ദൃശ്യങ്ങളും ആക്രി വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു.
ക്ഷേത്രത്തിൽനിന്നും മോഷ്ടിച്ചെടുത്ത സാധനങ്ങൾ കാരേറ്റ് പ്രവർത്തിക്കുന്ന ആക്രി വ്യാപാര സ്ഥാപനത്തിൽ വിൽപന നടത്തി. സ്ഥാപനത്തിൽ നിന്ന് മുതലുകൾ പോലീസിന് ലഭിക്കുകയും ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു