നന്ദിയോട്: ചെറ്റച്ചൽ- നന്ദിയോട് റോഡുനവീകരണം പുരോഗമിക്കവേ അരികിലെ മരങ്ങൾ മുറിച്ചു മാറ്റാനുള്ള നടപടി വൈകുന്നതായി ആക്ഷേപം. ഓടയുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടും വനഭൂമിയിലേതുൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു മാറ്റാനായില്ല. നന്ദിയോടുമുതൽ ചെറ്റച്ചൽവരെ ഇരുവശവുംനിറയെ ചെറുതും വലുതുമായ മരങ്ങളാണ്. ഇവ മുറിച്ചുമാറ്റാതെ റോഡിന്റെ വീതി കൂട്ടാനാകില്ല. വനംവകുപ്പിന്റെ അനുമതി ലഭിക്കാൻ വൈകുന്നതാണ് മരംമുറി വൈകിക്കുന്നത്.
നവീകരണത്തിന് തുക അനുവദിച്ചിട്ട് മാസങ്ങളായെങ്കിലും പ്രവർത്തനം തുടങ്ങിയത് കുറച്ചു ദിവസങ്ങൾക്കു മുൻപാണ്. 14-മീ. വീതിയിൽ 9.68 ലക്ഷം ചെലവിട്ടാണ് നവീകരണം. ഓടയും നടപ്പാതയും ഇതിന്റെ ഭാഗമായി നിർമിക്കുന്നുണ്ട്. ഇതിനായി പുറമ്പോക്ക് ഇടിച്ചുനിരത്തി. ഓട മൂടുന്നതിനായി കോൺക്രീറ്റ് സ്ലാബുകളും നിർമിച്ചു.
ഓട കുഴിച്ച് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടയിലാണ് നവീകരണത്തിനു തടസ്സമായി മരങ്ങൾ നിൽക്കുന്നത്. കാലങ്കാവ് മുതൽ പൊട്ടൻചിറ വരെയുള്ള ഭാഗത്താണ് പ്രശ്നം രൂക്ഷം. ഒരുവശത്തെ വനഭൂമിയിലാണ് മരങ്ങളേറെ. ഇവയെ ഒഴിവാക്കിയാണ് റോഡിനായി മണ്ണിടിച്ചു മാറ്റിയതും ഓട നിർമിച്ചിരിക്കുന്നതും. പ്രവർത്തനങ്ങൾ പൂർത്തിയായശേഷം മരങ്ങൾ മുറിച്ചുമാറ്റുന്നത് റോഡിന്റെ ഉറപ്പിനെ ബാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്