പാലോട് : സൈബർ സെൽ പൊലീസ് ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി മടത്തറ ഇലവുപാലം തേരി ബർക്കത്ത് മൻസിലിൽ എ. അബ്ദുൽ ഷിബു (44) അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതിയും അബ്ദുൽ ഷിബുവിന്റെ ഭാര്യയുമായ മദീന, ഇവരുടെ കൂട്ടാളികളായ ഷാൻ, മുഹമ്മദ് ഷാഫി എന്നിവരെ എട്ടു മാസം മുമ്പ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
റൂറൽ എസ്.പി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചതിനെ തുടർന്ന് സൗദി അറേബ്യയിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ അബ്ദുൽ ഷിബുവിനെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. പാലോട് സ്വദേശിയായ വീട്ടമ്മയാണ് ഇയാളുടെ തട്ടിപ്പിനിരയായത്. വീട്ടമ്മയുടെയും മക്കളുടെയും സ്വകാര്യ വിവരങ്ങൾ മനസിലാക്കി ഇന്റർനെറ്റ് കാൾ മുഖേന മൊബൈലിൽ വിളിച്ച് നഗ്ന ഫോട്ടോകൾ ലഭിച്ചിട്ടുണ്ടെന്നും ഇത് ഇന്റർനെറ്റിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ സർക്കാരിൽ 10 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും രണ്ടു തവണയായി 10 ലക്ഷം രൂപ ഭാര്യയെയും സഹായികളെയും അയച്ച് തട്ടിയെടുക്കുകയും ചെയ്തെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. തട്ടിപ്പിലൂടെ നേടിയ പണം ആർഭാട ജീവിതത്തിനാണ് പ്രതികൾ വിനിയോഗിച്ചതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പാലോട് സി.ഐ വി. ഷിബുകുമാർ പറഞ്ഞു. മുപ്പതിനായിരത്തോളം മൊബൈൽ ഫോൺ കാളുകൾ കേന്ദ്രീകരിച്ച് ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് കേസിന് തുമ്പുണ്ടാക്കിയത്. കോടതി റിമാൻഡു ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐ ഭുവനചന്ദ്രൻ നായർ, എ.എസ്.ഐ അൻസാരി, സി.പി.ഒമാരായ പ്രദീപ്, രാജേഷ്, അനൂപ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.