വിതുര:വിതുര-നെല്ലിക്കുന്ന് റോഡ് അപകടക്കെണിയാകുന്നു. പാർശ്വഭിത്തിയില്ലാത്തതും റോഡിന്റെ മധ്യത്തിൽ വൈദ്യുതത്തൂൺ നിൽക്കുന്നതുമാണ് അപകടം സൃഷ്ടിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് വാഹനങ്ങളാണ് റോഡ് വശത്തെ തോടിലേക്ക് മറിഞ്ഞത്. വിതുര കലുങ്ക് ജംഗ്ഷനിൽ നിന്ന് നെല്ലിക്കുന്നിലേക്ക് തിരിയുന്ന റോഡിലാണ് അപകടം കാത്തിരിക്കുന്നത്. റോഡിനു മധ്യത്തിൽ നിൽക്കുന്ന വൈദ്യുതത്തൂണിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത്.വയൽ നികത്തി മണ്ണിട്ടാണ് റോഡ് നിർമിച്ചത്. അരികിലൂടെ ഒഴുകുന്ന തോടും ഒഴുകുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ശാസ്താംകാവ് സ്വദേശി പ്രവീണിന്റെ കാർ മറിഞ്ഞതാണ് ഒടുവിലുണ്ടായ അപകടം.നെല്ലിക്കുന്നിൽ നിന്ന് വിതുരയിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വൈദ്യുതത്തൂൺ തന്നെയാണ് അപകടത്തിനു കാരണം. റോഡിന്റെ വശത്തു വളർന്ന കാടിലൂടെ ടയർ വഴുതി കാർ ചതുപ്പിലേക്ക് മറിയുകയായിരുന്നു. ഇവിടെ അടിയന്തരമായി പാർശ്വഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
