വിളപ്പിൽശാല : രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് കൃതൃമ നിറം വരുത്താതെ സ്വാഭാവിക രീതിയില്‍ പഴുപ്പിച്ചെടുക്കുന്ന തനിനാടന്‍ മാമ്പഴങ്ങള്‍ക്കായുള്ള വിപണിക്ക് വിളപ്പില്‍ശാല ചന്തയില്‍ തുടക്കമായി.
തേന്‍വരിക്കയും കിളിച്ചുണ്ടനും കോട്ടുകോണവുമൊക്കെ ഇവിടെ സുലഭം. മലയോര ഗ്രാമീണ മേഖലയില്‍ മാമ്പഴത്തിന് പേരുകേട്ട വിപണിയാണ് വിളപ്പില്‍ശാല ചന്ത. മാമ്പഴങ്ങളുടെ മൊത്ത, ചില്ലറ വില്‍പ്പനയാണ് ഇവിടെ നടക്കുന്നത്. പുലര്‍ച്ചെ നാല് മണിയോടെ സജീവമാകുന്ന ചന്തയില്‍ നേരം പുലരുമ്പോള്‍ മൊത്ത കച്ചവടം അവസാനിക്കും. ക്രിതൃമത്വവുമായി മാമ്പഴം വില്‍ക്കാം എന്ന് കരുതി വരുന്ന കച്ചവടക്കാര്‍ക്ക് അതേപടി സാധനവുമായി മടങ്ങേണ്ടിവരും. പരമ്പരാഗതമായി തുടരുന്ന ആചാരം പോലെയാണ് നാട്ടുകാര്‍ക്ക് മാമ്പഴ വിപണി.
നഗരത്തില്‍ നിന്നുപോലും വിളപ്പിലിലെ മാമ്പഴ വിപണി തേടി ജനമെത്തുന്നു. മാങ്ങയൊന്നിന് പത്ത് മുതല്‍ മുപ്പത് രൂപവരെ വിലയുണ്ട് ഇപ്പോള്‍. ഏതാനും ദിവസങ്ങള്‍ക്കകം കൂടുതല്‍ മാമ്പഴം എത്തുന്നതോടെ വില വീണ്ടും താഴ്‌ന്നേക്കാമെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടി.