കിളിമാനൂർ : പഴയകുന്നുമ്മേൽ പഞ്ചായത്തിലെ അടയമൺ, കൊപ്പം, ചെറുനാരകംകോട്, ചാരുപാറ, വണ്ടന്നൂർ, കുന്നുമ്മേൽ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നികൾ കാർഷികവിളകൾ നശിപ്പിക്കുന്നത് പതിവാകുന്നതായുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി വെടി വെച്ചു. 11ന് രാത്രിയിൽ നടത്തിയ വെടിവെയ്പിൽ രണ്ടു പന്നികൾക്ക് വെടിയേറ്റിരുന്നു. തുടർന്ന് ഈ പന്നികൾ ദൂരേയ്ക്ക് ഓടി മറഞ്ഞു. ചൊവ്വാഴ്ചയോടെ വെടിയേറ്റ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ ദൂരെ മാറി പന്നികളുടെ ശവശരീരം അഴുകിയ നിലയിൽ കണ്ടെത്തി. ഈ പ്രദേശത്ത് രാത്രിയും പകലും പന്നികളുടെ ശല്യം ഉണ്ടെന്ന് നാട്ടുകാർ പരാതിപെട്ടിരുന്നു. പഴയകുന്നുമ്മൽ പഞ്ചായത്ത് ഭരണസമിതിയുടെ അപേക്ഷ പരിഗണിച്ചാണ് പാലോട് റെയിഞ്ചിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഇരുചക്രവാഹനയാത്രക്കാർ കാട്ടുപന്നിയിടിച്ച് അപകടത്തിൽപ്പെട്ട നിരവധി സംഭവങ്ങളൾ ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.വെടിവെയ്ക്കാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സഹായത്തിന് കർഷകരും, ജനപ്രതിനിധികളും ഒപ്പം ഉണ്ടായിരുന്നു.