പൂവച്ചൽ : പൂവച്ചൽ – നെടുമങ്ങാട് റോഡിൽ കൊണ്ണിയൂർ മുസ്ലിം പള്ളിക്ക് സമീപത്തെ ഉണങ്ങിയ ആഞ്ഞിലി മരം ഭീഷണിയാകുന്നു. ശിഖരങ്ങൾ ഒടിഞ്ഞു വീഴാൻ തുടങ്ങിയിട്ടും മരംമുറിക്കാൻ നടപടിയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
ഏതു നിമിഷവും നിലം പതിക്കാവുന്ന ആഞ്ഞിലി മരത്തിനു സമീപത്തായി വൈദ്യുത ട്രാൻസ്ഫോർമറും 11 കെവി ലൈനുമുണ്ട്.
മാസങ്ങൾക്ക് മുന്പ് കൂറ്റൻ കൊമ്പ് ഒടിഞ്ഞു വീണു മണിക്കൂറുകളോളം ഗതാഗതം മുടങ്ങുകയും, പ്രദേശത്ത് ഒരു ദിവസം പൂർണമായും വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു. പലതവണ പൊതുമരാമത്ത് വകുപ്പിനും, പൂവച്ചൽ പഞ്ചായത്തിനും മരം മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയെങ്കിലും നാളിതുവരെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു .