നെടുമങ്ങാട്: നെടുമങ്ങാട് വലിയമലയിൽ യുവാവിനെ കുത്തി പരിക്കേൽപിച്ച ശേഷം കവർച്ച നടത്തിയ കേസിലെ മുഖ്യ പ്രതി കീഴടങ്ങി. വർക്കല വെട്ടൂർ നെടുങ്ങണ്ട സ്വദേശി തൊളിക്കോട് പുളിമൂട് തോട്ടുമുക്ക് തോട്ടരികത്തുവീട്ടിൽ താമസിക്കുന്ന എസ്.ജഹാംഗീറാ(42)ണ് കോടതിയിൽ കീഴടങ്ങിയത്. കുളവിക്കോണം അബിയ ഗോൾഡ് ജുവലറി നടത്തി വന്ന ജീമോനെ തട്ടിക്കൊണ്ട് പോയി കൈവശമുണ്ടായിരുന്ന അഞ്ചുലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുത്ത കേസിൽ ഇയാൾ ഒളിവിലായിരുന്നു. ഒളിവിൽ പോയ ഇയാളെ കണ്ടെത്തുന്നതിന് ഊർജിത ശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്.
ഇക്കഴിഞ്ഞ 19-ാം തിയതി ഉച്ചക്ക് 12.30 മണിയോടുകൂടി ജീമോന്റെ ജുവലറിയിലെത്തിയ ജഹാംഗീർ ചുള്ളിമാനൂരുള്ള ഫൈനാൻസ് സ്ഥാപനത്തിൽ പണയം വച്ചിട്ടുള്ള സ്വർണം തിരികെ എടുക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് ജീമോനെ കാറിൽ കയറ്റിക്കൊണ്ട് പോയത്. വഴിയിൽ നിന്നും മറ്റു മൂന്ന് പേരേയും കയറ്റി വലിയമല ഐഎസ്ആർഒ ജംഗ്ഷന് സമീപം വച്ച് കുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയും കൈവശമുണ്ടായിരുന്ന പണം പിടിച്ചുപറിക്കുകയുമായിരുന്നു. ഈ കേസിലെ രണ്ടും നാലും പ്രതികളായ വർക്കല വെട്ടൂർ സ്വദേശി പൂട എന്നു വിളിക്കുന്ന ഷംനാദ്, വർക്കല ജഗന്നാഥപുരം സ്വദേശി കപ്പലണ്ടി എന്നു വിളിക്കുന്ന റിയാദ്, എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.
കളവുമുതൽ സൂക്ഷിച്ചതിന് ജഹാംഗീറിന്റെ മകൻ ജവാദ് അഞ്ചാം പ്രതിയും ഭാര്യ ഷെമീന ആറാം പ്രതിയുമാണ്. ജവാദിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. മൂന്നാം പ്രതിയും ആറാം പ്രതിയായ ഷെമീനയും ഒളിവിലാണ്.



