ആറ്റിങ്ങൽ: ഗതാഗതകുരുക്കിൽ കുരുങ്ങുന്ന ആറ്റിങ്ങലിൽ കാൽനടയാത്രക്കാർക്ക് വില്ലനായി ദേശീയപാതയോരത്ത് തകർന്ന നടപ്പാത. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശം ടൗൺ മുസ്ലീം ജമാഅത്തിന് സമീപത്തെ വളവിലാണ് നടപ്പാത തകർന്നുകിടക്കുന്നത്. നടപ്പാത ഇല്ലാതായതോടെ കാൽ നടയാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട ഗതിയാണ്. ഇത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്. വെള്ളിയാഴ്ച ദിവസം ഒരുപാട് പേർ പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തുന്നുണ്ട്. ഇവരും റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ്. സി.എസ്.ഐ മിഷൻ ആശുപത്രി, എൽ.ഐ.സി ഓഫീസ്, ഗവ. ഐ.ടി.ഐ, കെ.എസ്.ആർ.ടി.സി ഡിപ്പോ എന്നിവിടങ്ങളിലേക്ക് പോകുന്നയാളുകളും ഇതുവഴിയാണ് നടന്നു പോകുന്നത്. അടിയന്തിരമായി നടപ്പാതകൾ നന്നാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.