വെഞ്ഞാറമൂട്: അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്. മുക്കുന്നൂർ, നീർച്ചാലിൽ വീട്ടിൽ റിനോജ് (35), വെഞ്ഞാറമൂട്, വട്ടവിളപുത്തൻവീട്ടിൽ ബിനു(40) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി ഏഴിന് സംസ്ഥാന പാതയിൽ അമ്പലംമുക്ക് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ജോലി കഴിഞ്ഞ് വെഞ്ഞാറമൂട് ഭാഗത്തു നിന്നും കാരേറ്റ് ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്നും വരുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
കാലിനും തലയ്ക്കും പരിക്കേറ്റ ഇവരെ വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തി ആംബുലൻസിൽ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമം നടന്നു വരുന്നതായി വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.