കടയ്ക്കാവൂർ : എസ്ഡിപിഐ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ മണിക്കൂറുകൾക്കകം പിടിയിൽ. മണമ്പൂർ കുളംമുട്ടത്ത് താമസിക്കുന്ന ഗിരീഷ് (40), ആറ്റിങ്ങൽ വെള്ളൂർക്കോണം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിഷ്ണു (27), മണമ്പൂർ മടവിളകം ക്ഷേത്രത്തിൽ താമസിക്കുന്ന ഉണ്ണി എന്ന് വിളിക്കുന്ന ജയിംസ് (30), ആലംകോട് ചെഞ്ചേരികോണത്ത് താമസിക്കുന്ന അരുൺകുമാർ (33), കല്ലറ ഗവൺമെന്റ് എച്ച്എസ്എസ്സിന് സമീപം താമസിക്കുന്ന വിഷ്ണു (28) എന്നിവരാണ് കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. എസ്ഡിപിഐ കുളമുട്ടം ബ്രാഞ്ച് സെക്രട്ടറിയും മുൻ പഞ്ചായത്ത് ഇലക്ഷൻ സ്ഥാനാർത്ഥിയുമായ സുധീറിനെയാണ് മണമ്പൂർ പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽവെച്ച് ബിഎംഡബ്ല്യൂ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് ആണ് സുധീറിനെ സംഘം മർദ്ദിച്ചത്. എന്നാൽ ആക്രമണം നടന്ന് ഉടനെ തന്നെ പ്രതികളുടെ കാർ പിന്തുടർന്ന് സാഹസികമായി കടയ്ക്കാവൂർ പോലീസ് പ്രതികളെ പിടികൂടി.പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗിരീഷ് ഒരു കൊലപാതക കേസിലെ പ്രതിയാണ്. ബാക്കിയുള്ള പ്രതികൾ ഇതിനുമുൻപ് കഞ്ചാവ് കേസിലും നിരവധി അടിപിടി കേസുകളിലും പ്രതികളാണ. ഈ ഗുണ്ടാ സംഘങ്ങൾക്കെതിരെ കർശനമായ നടപടി പോലീസ് സ്വീകരിക്കുമെന്ന് ഡിവൈഎസ്പി നിയാസ് അറിയിച്ചിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ ഇത്തരത്തിൽ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ അതിശക്തമായിട്ടുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി കെ മധു ഐ പി എസ്ന്റെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി നിയാസ്, കടയ്ക്കാവൂർ എസ് എച്ച് ഒ അജേഷ് വി , എസ് ഐ ദീപു എസ് എസ്, , മാഹിൻ ബി , മണിലാൽ എ എസ്. ഐ ശ്രീകുമാർ, ജയപ്രസാദ്, എസ് സി പി ഒ ജ്യോതിഷ് വി വി, സിപി ഒ മാരായ സിയാദ്,അഭിജിത്ത് ,ബാലു വിപിൻ,ശ്രീകുമാർ,എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.