കന്യാകുളങ്ങര ഗവൺമെന്റ് ആശുപത്രിയിൽ ഒപി ടിക്കറ്റ് എടുക്കാനായി ക്യൂവിൽ നിന്ന വയോധികയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ മൂന്നു യുവതികൾ പിടിയിൽ. തമിഴ് നാട് മധുര സ്വദേശിനികളായ നന്ദിനി, സിന്ധു, ഗോപിക എന്നിവരാണ് അറസ്റ്റിലായത്. വയോധിക ഒപി ടിക്കറ്റ് എടുക്കാനായി ക്യൂവിൽ നിൽക്കുമ്പോൾ പുറകിൽ യുവതികളിൽ ഒരാൾ വന്നു നിൽക്കുകയും കഴുത്തിൽ കിടന്ന മാല പൊട്ടിക്കുകയും ചെയ്തു. ഇതേസമയം തൊട്ടടുത്തുനിന്ന ഒരാൾ ഇത് കാണുകയും യുവതിയെ ചോദ്യം ചെയ്യുകയും ചെയ്തു.
തുടർന്ന് തമിഴ്നാട് സ്വദേശിനിയായ യുവതി മാല നിലത്തേക്ക് എറിയുകയും പരിസരത്തുനിന്ന സഹായികളായ മറ്റ് രണ്ട് യുവതികളോടൊപ്പം കടന്നുകളയാൻ ശ്രമിക്കുകയും ചെയ്തു. ഉടൻ എല്ലാവരും ചേർന്ന് ഇവരെ ബലമായി തടഞ്ഞുനിർത്തുകയും ആശുപത്രി അധികൃതർ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പോലീസെത്തി മൂന്നു യുവതികളെയും കസ്റ്റഡിയിലെടുത്തു.
ജില്ലയുടെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട് സ്വദേശികളായ സ്ത്രീകളുടെ മോഷണസംഘം ഇറങ്ങിയിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ആഴ്ചയിൽ സമാനമായ സംഭവം വട്ടപ്പാറ സ്റ്റേഷനിലും റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ ഒരു മധുര സ്വദേശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം തേമ്പാമൂട് സ്വദേശിനിയായ വീട്ടമ്മ വെഞ്ഞാറമൂട് കെഎസ്എഫ്ഇ യിൽ വന്ന് മടങ്ങവെ കെഎസ്ആർടിസി ബസിൽ വച്ച് വീട്ടമ്മയുടെ ആറേ മുക്കാൽ പവൻ മാലയും മുകാൽപവൻ മോതിരവും 2000 രൂപയും പേഴ്‌സ് ഉൾപ്പെടെ ഇവരിൽ ഒരാൾ മോഷ്ഠിച്ചിരുന്നു.മാല മോഷണവുമായി ബന്ധപ്പെട്ട് മൂന്നു സ്ത്രീകളെ പിടിക്കപ്പെട്ടതറിഞ്ഞു വീട്ടമ്മ സ്റ്റേഷനിൽ എത്തി. ഇതിൽ ഒരാളാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു.