മാറനല്ലൂർ :മാറനല്ലൂർ പുന്നാവൂർ കാരനിന്നവിളയിൽ ഓടിക്കൊണ്ടിരുന്ന ഒമിനി വാൻ തീകത്തി നശിച്ചു. മൂലക്കോണത്ത് അക്വേറിയം നടത്തുന്ന വെളിയംകോട് , ഉണ്ടുവെട്ടി , വലിയപുറം തൊട്ടരികത്ത് വീട്ടിൽ ഷിജിൻദാസും ഭാര്യയും സുഹൃത്തും സഞ്ചരിച്ച ഒമിനി വാനാണ് തീ പിടിച്ചു നശിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം.
സ്വന്തം സ്ഥാപനത്തിലേക്ക് പോവുകയായിരുന്നു ഷിജിൻദാസ്. വീട്ടിൽ നിന്നും ഇറങ്ങി പത്തു മിനിറ്റിനുള്ളിൽ വാഹനത്തിൽ തീപ്പിടിച്ചു. അപ്രതീക്ഷിതമായി എഞ്ചിനിൽ തീയും പുകയും കണ്ട് വാൻ ഓടിച്ചിരുന്ന ഷിജിൻദാസ് പെട്ടെന്ന് ഹാൻഡ് ബ്രേക്ക് വലിച്ചു വാഹനം നിറുത്തുകയും ഒപ്പം മുന്നിൽ ഇരുന്ന ഭാര്യ ഗ്രീഷ്മ വാഹനത്തിന്റെ പിന്നിൽ ഇരിക്കുകയായിരുന്ന സുഹൃത്ത് ആദർശ് എന്നിവരെ പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ട് ഇവർക്കൊപ്പം ഷിജിനും പുറത്തേക്ക് ഇറങ്ങി ഓടി മാറി. ഓടിക്കൂടിയ നാട്ടുകാർ ആദ്യം തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് നെയ്യാറ്റിൻകര അഗ്നിരക്ഷാ സേനയെ അറിയിക്കുകയും സേന എത്തി തീ കെടുത്തി. വാഹനം പൂർണ്ണമായി കത്തിനശിച്ചു.