കുഴിയിൽ കുടുങ്ങിയ ഗർഭിണി പശുവിനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നാലടി വ്യാസവും, പത്തടി ആഴവുമുള്ള കുഴിയിൽ കുടുങ്ങിയ പശുവിനെ ആറ്റിങ്ങൽ ഫയർഫോഴ്സാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 7ഓടെ കിഴുവിലം കാട്ടുംപുറം കാട്ടുവിളവീട്ടിൽ തങ്കമണിയുടെ നാലു വയസുള്ള പശുവാണ് കുഴിയിൽ വീണത്.ഉടമസ്ഥർ വിവരം അറിയിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും വാഹനം കടന്നുപോകാത്ത വഴിയായതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമായി. ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാന്തിയാൽ മാത്രമേ പശുവിനെ പുറത്തിറക്കാൻ കഴിയുമായിരുന്നുള്ളൂ.
നാട്ടുകാരുടെ സഹായത്തോടെ കുഴി ഇടിച്ച് വിസ്താരപ്പെടുത്തി നാലുമണിക്കൂറത്തെ കഠിനപ്രയത്നത്തിന് ശേഷം പശുവിനെ കരയ്ക്കെത്തിക്കുകയായിരുന്നു. തുടർന്ന് വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കി. ആറ്റിങ്ങൽ ഫയർഫോഴ്സിലെ ഓഫീസർമാരായ രഞ്ജിത്ത്, ഉണ്ണികൃഷ്ണൻ, രതീഷ്, വൈശാഖൻ, ശ്രീരാഗ്, പ്രമോദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

								
															
								
								
															
															
				

