
കല്ലമ്പലം : കല്ലമ്പലത്ത് കെ എസ് ആർ ടി ബസ്സിൽ വെച്ച് യാത്രക്കാരിയിൽ നിന്നും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കവർന്നതായി പരാതി. കടുവയിൽ പള്ളി ജംഗ്ഷനിൽ നിന്നും കുണ്ടറയിലേക്ക് യാത്ര ചെയ്തിരുന്ന 54 കാരിയായ താഹിറയ്ക്കാണ് പണം നഷ്ടമായത്. താഹിറ ബാഗിൽ സൂക്ഷിച്ചിരുന്ന പണം അതേ ബസ്സിലെ യാത്രക്കാരികളായ സ്ത്രീകൾ കവർന്നതായാണ് പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. കടുവയിൽ പള്ളിക്ക് സമീപമുള്ള ബന്ധുവിൽ നിന്നും പണം വാങ്ങി കുണ്ടറയിലെ വീട്ടിലേക്ക് ബസ്സിൽ പൊകവേ കല്ലമ്പലം ജംഗ്ഷനിൽ ബസ് നിർത്തിയപ്പോൾ രണ്ട് സ്ത്രീകൾ താഹിറയെ തള്ളി മാറ്റി ബസ്സിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് സംശയം തോന്നിയ താഹിറ ബാഗ് പരിശോധിക്കുമ്പോഴാണ് പണം നഷ്ടമായത് മനസ്സിലാക്കുന്നത്. അപ്പോഴേക്കും ബസ് നാവായിക്കുളം തട്ടുപാലത്തിനു സമീപം എത്തി. പണം നഷ്ടമായെന്ന് ബസ് ജീവനക്കാരെയും മറ്റു യാത്രക്കാരെയും അറിയിച്ച താഹിറ പിന്നീട് കല്ലമ്പലം പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ രണ്ട് സ്ത്രീകളെയാണ് ഇപ്പോൾ പ്രതികളായി സംശയിക്കുന്നത്. ഇവർ പാരിപ്പള്ളിയിലേക്ക് ടിക്കറ്റ് എടുത്തവർ ആണെന്നും കല്ലമ്പലത്ത് ഇറങ്ങിയെന്നും കണ്ടക്ടറും പറയുന്നു. മാത്രമല്ല, ഇവർ തമിഴ് സംസാരിച്ചിരുന്നതായും പറയപ്പെടുന്നു.
ബസ്സിൽ നിന്നും കല്ലമ്പലത്ത് ഇറങ്ങിയ സ്ത്രീകൾ ചേന്നൻകോട് വരെ ഓട്ടോയിലും തുടർന്ന് ഞെക്കാട് വരെ ബസ്സിലും യാത്ര ചെയ്തതായി സിസി ടീവി ദൃശ്യങ്ങളിൽ ലഭിച്ചിട്ടുണ്ട്. കല്ലമ്പലം പോലീസിന് നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.


