
ആറ്റിങ്ങൽ : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ പുതിയതായി ആരംഭിക്കുന്ന ശ്രീനാരായണഗുരു ഫിലോസഫി ഡിപ്ലോമ കോഴ്‌സിന്റെ ഉദ്ഘാടനം നാളെ (ഏപ്രിൽ 26 ) രാവിലെ 10 മണിക്ക് ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ വച്ച് ശ്രീനാരായണഗുരു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ: ഡോ. വി.പി ജഗദിരാജ് നിർവ്വഹിക്കുമെന്ന് ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ.ജി.സുഗുണൻ അറിയിച്ചു.
ഉദ്ഘാടന യോഗത്തിൽ അഡ്വ.ജി.സുഗുണൻ അധ്യക്ഷത വഹിക്കും. ഡിപ്ലോമ കോഴ്‌സിനെ സംബന്ധിച്ചുള്ള ഒരു ലഘുവിവരണം യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്റിലെ പ്രൊഫ. അഖിലേഷ് ഉദയഭാനു നൽകും. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.വി.പി.പ്രശാന്ത്, ഡോ.സി. ഉദയകല എന്നിവരും ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.എൽ. എസ്.സുമ, അഡ്വ.എം. മോഹനൻ നായർ, എസ്.സതീഷ്‌കുമാർ എന്നിവരും ആശംസ പ്രസംഗങ്ങൾ നടത്തും. ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജ് എൽ.എസ്.സി കോ-ഓർഡിനേറ്റർ പ്രൊഫ. എസ്. ശ്രീജിത്ത് സ്വാഗതവും, ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫ.ഡോ.അരുൺ.എ.എസ് കൃതജ്‌ഞതയും രേഖപ്പെടുത്തും.
രാജ്യത്ത് ആദ്യമായിട്ടാണ് ഒരു യൂണിവേഴ്‌സിറ്റി ശ്രീനാരായണഗുരുവിൻ്റെ ദർശനങ്ങളെ സംബന്ധിച്ച് ഡിപ്ലോമകോഴ്സ് നടത്തുന്നത്. ശ്രീനാരായണഗുരു ഈ സംസ്ഥാനത്തെ കഴിഞ്ഞ നൂറ്റാണ്ടിലെ നവോത്ഥാനപ്രസ്ഥാനങ്ങളുടെ നായകനായിരുന്നു. കടുത്ത അന്ധവിശ്വാസങ്ങൾക്കും ജാതിമായ ഉച്ചനീചത്വങ്ങൾക്കും നില വിലുണ്ടായിരുന്ന ഹീനമായ ആഭിജാത്യ ചടങ്ങുകൾക്കും എതിരായ ശക്തമായ പ്രസ്ഥാനമാണ് അദ്ദേഹം തുടങ്ങിവച്ചത്. പിന്നോക്ക ജനവിഭാഗങ്ങൾക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യവും, ക്ഷേത്രപ്രവേശന സ്വാതന്ത്ര്യവും, സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശവും പോലും നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിലാണ് ഈ ഉച്ചനീചത്വങ്ങൾക്കെതിരെ ഗുരു പടപൊരുതിയത്.
ശ്രീനാരായണഗുരുവിൻ്റെ മഹത്തായ ദർശനങ്ങൾ പുതിയതലമുറ മനസ്സിലാക്കി കൊടുക്കണം എന്ന ലക്ഷ്യത്തോടുകൂടിയാണ് യൂണിവേഴ്‌സിറ്റി ശ്രീനാരായണ ഫിലോസഫി കോഴ്സ് ആരംഭിച്ചിട്ടുള്ളതെന്നും പത്ര സമ്മേളനത്തിൽ അറിയിച്ചു.
പത്രസമ്മേളനത്തിൽ അഡ്വ.ജി. സുഗുണനെ കൂടാതെ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.എൽ.എസ്.സുമ, സ്വഗത സംഘം ജനറൽ കൺവീ നർ പ്രൊഫ.എസ്.ശ്രീജിത്ത്, സ്വഗത സംഘം വൈസ്പ്രസിഡൻ്റുമാരായ അഡ്വ. എൻ.മോഹനൻനായർ, എസ്.സതീഷ്കുമാർ, അസിസ്റ്റൻ്റ് പ്രൊഫ.ഡോ.അരുൺ. എ.എസ് എന്നിവരും പങ്കെടുത്തിരുന്നു.


