
ആറ്റിങ്ങൽ: ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിപ്പുറം, തോന്നയ്ക്കൽ മേഖലകളിലുള്ള വർക്ക് സൈറ്റുകളിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിലെ പ്രതിയെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു.
പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ.കെ. ചവാൻ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ നിർമ്മാണ സൈറ്റുകളിൽ നിന്നുമാണ് ഇരുമ്പ് കമ്പികളും മറ്റ് നിർമാണ സാമഗ്രികളും മോഷണം പോയത്. ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന സാമഗ്രികളാണ് വിവിധ ഘട്ടങ്ങളിലായി നഷ്ടപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ആസാം സംസ്ഥാനത്തിലെ നാഗോൺ സ്വദേശിയും ആറ്റിങ്ങൽ മാർക്കറ്റ് റോഡിലെ ലില്ലി കോംപ്ലക്സിൽ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്ന അക്കാദുൾ ഹഖ് (33) നെയാണ് പൊലീസ് പിടികൂടിയത്.
മംഗലപുരം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദ് എം.യുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ ഗിരീഷ് എച്ച്., എസ്.സി.പി.ഒമാരായ സന്തോഷ് കുമാർ എസ്., അനസ് എ., ദിലീപ് ബി., സി.പി.ഒമാരായ രതീഷ്, അമൽ എസ്.ബി. എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


