മുതലപ്പൊഴി: പ്രവൃത്തികൾ വേ​ഗത്തിൽ പൂർത്തിയാക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ

Attingal vartha_20260603_225106_0000

കാലവർഷം അടുത്തെത്തിയിട്ടും മുതലപ്പൊഴിയിലെ വിവിധ പ്രവൃത്തികൾ പൂർത്തീകരിക്കുവാൻ അധികൃതർക്ക് കഴിയാത്തതിൽ ന്യൂനപക്ഷ കമ്മീഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിച്ച് മുതലപ്പൊഴി അപകട രഹിതമാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുവാൻ കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

പൊഴിയിൽ അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യുന്നതിന് ഏർപ്പാടാക്കിയ ഡ്രഡ്ജർ ശക്തമായ തിരമാലകളെ തുടർന്ന് കേടുപാടുകൾ സംഭവിച്ചതിനാൽ ഡ്രഡ്ജിംഗിനായി പുതിയ ടെന്റർ ക്ഷണിച്ചുവെങ്കിലും കരാറുകാർ ആവശ്യപ്പെട്ട തുക നിലവിലെ എൽ.എം.ആർ നിരക്കിനേക്കാൾ കൂടുതലായതിനാൽ കരാർ ഉറപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല. അദാനി പോർട്ടിന്റെ അധീനതയിലുള്ള ഡ്രഡ്ജർ, ഡ്രഡ്ജിംഗ് പ്രവൃത്തികൾക്കായി ഏർപ്പെടുത്താൻ സർക്കാർ തലത്തിൽ തീരുമാനം കൈക്കൊള്ളുന്നതിന് കത്ത് നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.

മുതലപ്പൊഴിയിലെ അപകട പരമ്പരയെ തുടർന്ന് കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ അഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യുന്നതിനും പുലിമുട്ട് നിർമ്മാണത്തിനും നടപടികൾ സ്വീകരിച്ചുവരുന്നതായി അധികൃതർ കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ കരാർ കാലാവധി അവസാനിക്കാറായിട്ടും അമ്പത് ശതമാനം പ്രവർത്തികൾ പോലും പൂർത്തീകരിച്ചിട്ടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

420 മീറ്റർ പുലിമുട്ട് നിർമ്മാണത്തിന് കരാർ കാലാവധി ഒന്നര വർഷമാണെങ്കിലും ഒരു വർഷത്തിനുള്ളിൽ 200 മീറ്റർ മാത്രമാണ് പൂർത്തീകരിക്കാൻ കഴിഞ്ഞത്. കാലവർഷം ആരംഭിച്ചതിനാൽ പുലിമുട്ടിന്റെ നീളം കൂട്ടുന്ന പ്രവൃത്തി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും ഹാർബർ എഞ്ചിനീയറിംഗ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിംഗ് ശാസ്തമം​ഗലം കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്നു. ചെയർമാൻ എ.എ റഷീദ് ഹർജികൾ പരിഗണിച്ചു. കമ്മീഷന് 9746515133 എന്ന വാട്സ്ആപ്പ് നമ്പറിലും പരാതി അറിയിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!