കിളിമാനൂർ ഗവ. എൽപിഎസിന് എസ്.ബി.ഐയുടെ ഓണസമ്മാനം

Attingal vartha_20260815_205218_0000

കിളിമാനൂർ: കിളിമാനൂർ ഗവ. എൽപിഎസിന് ഓണസമ്മാനമായി ഡിജിറ്റൽ ലേണിങ് സെന്ററും നവീകരിച്ച ഡൈനിങ് ഹാളും എസ്.ബി.ഐ സമർപ്പിച്ചു. എസ്.ബി.ഐയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ഫണ്ട് ഉപയോഗിച്ചാണ് വിദ്യാലയത്തിൽ ഈ സൗകര്യങ്ങൾ ഒരുക്കിയത്.

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനുമുള്ള എസ്.ബി.ഐയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. ബാങ്കിന്റെ വിവിധ സി.എസ്.ആർ പദ്ധതികളിലൂടെ വിദ്യാഭ്യാസം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു.

പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ 10 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ, അവയ്ക്കാവശ്യമായ കമ്പ്യൂട്ടർ ടേബിളുകളും കസേരകളും ഉൾപ്പെടെ പൂർണ സജ്ജീകരണങ്ങളോടുകൂടിയ ഡിജിറ്റൽ ലേണിങ് സെന്റർ ഒരുക്കി നൽകി. ഇതിനായി അനുവദിച്ച മുറി നവീകരിച്ച് ആവശ്യമായ ഇലക്ട്രിക്കൽ വയറിങ്, ഡാറ്റ കേബിളിങ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കി. കൂടാതെ ഡൈനിങ് ഹാൾ നവീകരിക്കുകയും കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനാവശ്യമായ മേശകളും കസേരകളും ഒരുക്കുകയും കിച്ചണിലേക്ക് ഫ്രിഡ്ജ് നൽകുകയും ചെയ്തു.

കിളിമാനൂർ ബി.ആർ.സി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങ് എസ്.ബി.ഐ റീജണൽ മാനേജർ സാം കെ സാമുവൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി ചെയർമാൻ വൈശാഖ് കെ.എസ് അധ്യക്ഷത വഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജുമോൾ എസ്., വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു എ., വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.എസ്. റെജി, വാർഡ് മെമ്പർ കുമാരി കെ. ഗിരിജ, മുൻ പ്രഥമാധ്യാപിക ലതാകുമാരി പി., ബി.പി.സി നവാസ് കെ. എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക ജോയ്സൺ എബ്രഹാം സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് ഡോ. ശ്രീലക്ഷ്മി വി.ആർ നന്ദിയും പറഞ്ഞു. എസ്.ബി.ഐ ആർ.ബി.ഒ പ്രതിനിധികൾ, രക്ഷകർത്താക്കൾ ഉൾപ്പെടെ നൂറിലധികം പേർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

ചിത്രം: കിളിമാനൂർ ഗവ. എൽപിഎസിൽ ഡിജിറ്റൽ ലേണിങ് സെന്ററും നവീകരിച്ച ഡൈനിങ് ഹാളും ഒരുക്കി നൽകിയതിന്റെ ഭാഗമായി എസ്.ബി.ഐ റീജണൽ മാനേജർ സാം കെ സാമുവൽ സ്കൂൾ അധികൃതർക്ക് ചെക്ക് കൈമാറുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!