
ആറ്റിങ്ങൽ: സഹോദരങ്ങളായ ഓട്ടോ ഡ്രൈവർമാരെ അതിക്രൂരമായി മർദ്ദിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. ആറ്റിങ്ങൽ കരിച്ചിൽ സ്വദേശി അനീഷ് ആണ് അറസ്റ്റിലായത്. സംഭവം നടന്ന് 24 മണിക്കൂറിനകം ആറ്റിങ്ങൽ ഡിവൈ.എസ്.പി അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷന് സമീപമുള്ള ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പെരുംകുളം സ്വദേശികളായ അരുൺ, കിരൺ എന്നീ സഹോദരങ്ങളുമായി ഒന്നാം പ്രതിയായ അനീഷും കൂട്ടാളികളും കഴിഞ്ഞ ദിവസങ്ങളിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഈ വിരോധം മനസ്സിൽ വെച്ചാണ് പ്രതികൾ ആക്രമണം ആസൂത്രണം ചെയ്തത്.
തർക്കം പറഞ്ഞുതീർക്കാമെന്ന് വിശ്വസിപ്പിച്ച് അനീഷ് സഹോദരങ്ങളെ തന്ത്രപൂർവ്വം തന്റെ വീടിന് സമീപമുള്ള ബാബു എന്നയാളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇവർക്ക് മദ്യം നൽകിയ ശേഷം അനീഷും സംഘവും ചേർന്ന് ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അനീഷ്. കഴിഞ്ഞ ദിവസം കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കൊല്ലപ്പെട്ട ഗുണ്ട ‘കടകംപള്ളി ബിജു’വിന്റെ അടുത്ത സുഹൃത്താണ് ഇയാൾ. കടകംപള്ളി ബിജുവിമായി ചേർന്ന് 2023ൽ നടത്തിയ കൊലപാതക കേസിലെ രണ്ടാം പ്രതിയാണ് അനീഷ്.
കേസിലെ മറ്റു പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ. (ISHO) ശ്രീജേഷ് വി. കെ., സബ് ഇൻസ്പെക്ടർമാരായ സുദർശനൻ കെ. എസ്., സലിം, എ.എസ്.ഐ.മാരായ ജ്യോതിഷ് കുമാർ വി. വി., മുരളീധരൻ പിള്ള, പോലീസുകാരായ മഹേഷ്, അരുൺ, നിതിൻ, വിഷ്ണു, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


