രോഗികൾക്ക് ഇഷ്ടമുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള സൗകര്യമൊരുക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി കെ. മുരളീധരൻ

Attingal vartha_20261104_222342_0000

പെരിങ്ങമ്മല : രോഗികൾക്ക് ഇഷ്ടമുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്തമെന്നും

ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ മടത്തറയിൽ നിർമിച്ച സിദ്ധ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രോഗം വന്നശേഷമുള്ള ചികിത്സയ്ക്കൊപ്പം രോഗപ്രതിരോധത്തിനും പകർച്ചവ്യാധി നിയന്ത്രണത്തിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന് മന്ത്രി നിർദേശിച്ചു. മാലിന്യസംസ്കരണം ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണ്. ജലവിഭവം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണെന്നും കുട്ടികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദിവാസി മേഖലകളിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. മികച്ച ചികിത്സാസൗകര്യങ്ങളെല്ലാം സർക്കാർ ആശുപത്രികളിലും ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആയുർവേദം, ഹോമിയോപ്പതി, സിദ്ധ ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാരീതികൾക്കും സർക്കാർ പ്രാധാന്യം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആയുഷ് മേഖലയിലെ ചികിത്സാസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തെറാപ്പിസ്റ്റുകളുടെ നിയമനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

അധ്യക്ഷപ്രസംഗത്തിൽ വാമനപുരം എംഎൽഎ സുധീർഷാ പാലോട്, മണ്ഡലത്തിലെ ആരോഗ്യരംഗത്തിന് ആരോഗ്യവകുപ്പും മന്ത്രിയും മികച്ച പിന്തുണ ഉറപ്പാക്കുന്നതായി പറഞ്ഞു. വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തെ തിരുവനന്തപുരത്തെ നിർദിഷ്ട രണ്ടാമത്തെ മെഡിക്കൽ കോളേജിന്റെ സബ് സെന്ററായി തിരഞ്ഞെടുത്തത് ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. മലയോര മേഖലയിലെ സാധാരണക്കാരും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളും കൂടുതലായി അധിവസിക്കുന്ന പ്രദേശമായ വാമനപുരത്തിന്റെ ആരോഗ്യാവശ്യങ്ങൾ പരിഗണിക്കുന്നതിന് എംഎൽഎ നന്ദി അറിയിച്ചു.

പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എൻ. അരുൺകുമാർ, വൈസ് പ്രസിഡന്റ് നസീമ ഇല്യാസ്, മെഡിക്കൽ ഓഫീസർ ഡോ. അഭിൽ മോഹൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!