
കടയ്ക്കാവൂർ: ചെക്കാലവിളാകത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് സ്വദേശി മരിച്ചു. അഞ്ചുതെങ്ങ് ഞാറത്ത് പറമ്പിൽ ആര്യൻ (റൂണി–18) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ ജ്ഞാനദാസിന്റെ മകനാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. അഞ്ചുതെങ്ങ് ഭാഗത്തുനിന്ന് കടയ്ക്കാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും എതിർദിശയിൽ വന്ന കാറും ചെക്കാലവിളാകത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്നവർ റോഡിലേക്ക് തെറിച്ചുവീണു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആര്യനെയും ഒപ്പമുണ്ടായിരുന്ന അഞ്ചുതെങ്ങ് പൂത്തുറ പൂമുഖം ബംഗ്ലാവിൽ ജോഷിനെയും (17) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ആര്യന്റെ മരണം. ജോഷ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
എറണാകുളത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗ്യാസ് വെൽഡിങ് കോഴ്സ് വിദ്യാർഥിയായിരുന്നു ആര്യൻ. അവധി കഴിഞ്ഞ് ഇന്ന് രാവിലെ എറണാകുളത്തേക്ക് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്.
പിതാവ്: ജ്ഞാനദാസ്. സഹോദരി: സുരഭി.


