Search
Close this search box.

നെടുമങ്ങാട് സ്വദേശിനി വിനിതയെ കൊലപ്പെടുത്തിയത് 4 പവൻ സ്വർണമാലയ്ക്ക് വേണ്ടി, പിടിയിലായത് 4 കൊലപാതക കേസിലെ പ്രതി….

eiI5CWG86157

 

അമ്പലമുക്ക് അലങ്കാര ചെടി വില്‍പ്പന സ്ഥാപനത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിലായതായി ഐ ജി പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻ കുമാർ അറിയിച്ചു. കന്യാകുമാരി ജില്ലയിൽ തോവാള, വെള്ളമഠം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്രൻ (49) നെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാള്‍ തമിഴ്നാട്ടിലെ നാലു കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്.
പേരൂർക്കട അമ്പലമുക്കിലെ സ്ഥാപനത്തില്‍ വച്ച് ഞായറാഴ്ചയാണ്, ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂര്, ചാരുവള്ളി സ്വദേശിനി വിനിത (38), കവർച്ചാ ശ്രമത്തിനിടയിൽ കൊല്ലപ്പെട്ടത്. ഉടനടി തന്നെ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കാവൽകിണർ എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

വിനിതയുടെ നാല് പവനോളം തുക്കം വരുന്ന സ്വർണ്ണ മാല കവരുന്നതിനായാണ് പ്രതി ഈ ക്രൂരത കാട്ടിയത്. പേരൂർക്കട ഭാഗത്തെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി രാജേന്ദ്രന്‍. ഒരു മാസത്തിലേറെയായി ഈ ഹോട്ടലിൽ ജോലി നോക്കി വരികയായിരുന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടയിലാണ് കവർച്ചയ്ക്കായി ഈ സ്ഥാപനം പ്രതി നോട്ടമിട്ടിരുന്നത്. ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണത്തിന്റെ ഭാഗമായി ഹോട്ടലുകളില്‍ ടേക്ക് -എവേ സംവിധാനം മാത്രമായിരുന്നതിനാലാണ് ഇയാള്‍ ഈ ദിവസം തെരഞ്ഞെടുത്തത്.
ഇയാൾക്കെതിരെ തമിഴ്നാട്ടിൽ അരൽവായ്മൊഴി സ്റ്റേഷന്‍ പരിധിയില്‍ ഒരു കസ്റ്റംസ് ഓഫീസറെയും ഭാര്യയേയും കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസും കന്യാകുമാരി പോലീസ് സ്റ്റേഷനില്‍ രണ്ടു കൊലക്കേസുകളും ഉള്‍പ്പെടെ നാലു കൊലപതാക കേസുകളും നിലവിലുണ്ട്. തമിഴ്നാട്ടിലെ അമ്പത്തൂര്‍, തൂത്തുക്കുടി, തിരുപ്പൂര്‍ തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, മോഷണം അടിപിടി, തുടങ്ങിയ നിരവധി കേസുകളിലും പ്രതിയാണ്. കൂടാതെ തമിഴ്നാട്ടില്‍ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ്.
ഡെപ്യൂട്ടി കമ്മീഷണര്‍ ( ക്രമസമാധാനം ) അങ്കിത് അശോകന്റെ മേല്‍നോട്ടത്തില്‍ കൺട്രോൾറൂം എ. സി. പി. പ്രതാപന്‍നായര്‍, കന്റോൺമെന്റ് എ.സി.പി. ദിനരാജ്, നാര്‍ക്കോട്ടിക് സെല്‍ എ.സി.പി. ഷീന്‍തറയില്‍, പേരൂര്‍ക്കട എസ്. എച്ച്. ഓ സജികുമാര്‍, മണ്ണന്തല എസ്. എച്ച്. ഓ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘവും, സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസ് ടീമും സംയുക്തമായാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതി സമാനമായ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും ഈ കൊലപാതകത്തിനു മറ്റു സഹായികള്‍ ഉണ്ടോ എന്നും മറ്റും കണ്ടെത്തുന്നതിനായി പ്രതിയെ ചോദ്യം ചെയ്തു വരുന്നതായും സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!