പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഭരതന്നൂർ സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി പുതുതായി ആരംഭിക്കുന്നതും നവീകരിക്കുന്നതുമായ 25 സപ്ലൈകോ ഔട്ലെറ്റുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. അതിന്റെ ഭാഗമായാണ് ഭരതന്നൂരിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി നവീകരിച്ച് പൊതു ജനങ്ങൾക്കായി തുറന്നു നൽകിയത്. ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ പൊതുവിതരണ – ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ അധ്യക്ഷത വഹിച്ചു. എല്ലാവിധ നിത്യോപയോഗസാധനങ്ങളും ന്യായമായ വിലയിൽ പൊതുജനങ്ങൾക്ക് സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ വഴി ലഭിക്കും.
ഭരതന്നൂരിലെ സൂപ്പർ മാർക്കറ്റ് ഡി.കെ മുരളി എം.എൽ.എ ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു. സർക്കാരിന്റെ പ്രവർത്തനങ്ങൾ ശക്തവും ജനങ്ങളെ ചേർത്ത് പിടിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതു വിതരണ സംവിധാനം മാതൃകാപരവും രാജ്യം പ്രത്യേകതയോടെ വീക്ഷിക്കുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ന്യായവിലയും ഗുണനിലവാരവും ഉറപ്പാക്കികൊണ്ടാണ് സപ്ലൈകോ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് ജി.കോമളം അധ്യക്ഷയായി. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സപ്ലൈകോ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.