നെടുമങ്ങാട്: ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി കരകുളം മുല്ലശ്ശേരി ആനൂർ മാടവിളവീട്ടിൽ സജീവ്കുമാറിന് (47) നേരെ തെളിവെടുപ്പിനിടെ നാട്ടുകാരുടെ വക കൂക്കുവിളി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സജീവ്കുമാറിനെ കൃത്യം നടന്ന വീട്ടിലേക്കു കൊണ്ടു വന്നത്. ജനരോഷം കണക്കിലെടുത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിയെ കൂക്കി വിളിച്ച നാട്ടുകാർ ”ഇവന്റെ അമ്മയെയും അറസ്റ്റ് ചെയ്യണം” എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. സ്മിതയ്ക്ക് നേരെയുണ്ടായ ഗാർഹിക പീഡനം സംബന്ധിച്ച് കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനിലകുമാരിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ പൊലീസിന് പരാതി നൽകി. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കണമെന്ന അപേക്ഷയുമായി സ്മിത പലതവണ തന്നെ സമീപിച്ചിട്ടുണ്ടെന്നും സജീവിന്റെ അച്ഛന്റെ പേർക്കുള്ള വിമുക്തഭട പെൻഷൻ കുടുംബത്തിന് ലഭിക്കുന്നതിനാലാണ് വീട് നൽകാൻ കഴിയാതിരുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ 15 നാണു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യ ലഹരിയിൽ താൻ സ്മിതയുടെ വയറിൽ കത്തി കൊണ്ട് കുത്തിയ ശേഷം മറ്റൊരു കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നെന്ന് സജീവ്കുമാർ വെളിപ്പെടുത്തി. നെടുമങ്ങാട് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.