കാട്ടാക്കടയിൽ മോഷണ പരമ്പര. ഇപ്പോൾ കള്ളൻ കൊണ്ടുപോയത് ഒരു ലക്ഷത്തോളം രൂപയും മൂന്നു പവനും
കാട്ടാക്കട പോലീസ് പരിധിയിൽ മോഷണ പരമ്പരയിൽ ഞായറാഴ്ച്ച കള്ളൻ കൊണ്ടു പോയത് ഒരുലക്ഷത്തോളം രൂപയും മൂന്നു പവൻ സ്വർണ്ണവും. കൊല്ലകോണം പ്ലാവൂർ, കാനക്കോട് പ്രദേശങ്ങളിൽ ആണ് വീണ്ടും മോഷണം അരങ്ങേറിയത്. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നും 40,000 രൂപയും മൂന്ന് പവനും, സെൽവ്വരാജിന്റെ കടയിൽ നിന്നും ഡിജിറ്റൽ ക്യാമറ, കൊല്ലകോണത്ത് കൂടാരം റസ്റ്റോറന്റിൽ നിന്നും 14,000രൂപ, പ്ലാവൂർ അമ്മാസ് റസ്റ്റോറന്റിൽ നിന്നും 8,000 രൂപയും, സി. സി. ടി. വി. ദൃശ്യങ്ങൾ പതിഞ്ഞ ഹാർഡ് ഡിസ്ക്കുമാണ് കവർന്നത്. പൂട്ട് പൊളിച്ചുള്ള മോഷണമാണ് എല്ലായിടത്തും. കാട്ടാക്കട പൊലീസ് എത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം ഗ്രാമീണ മേഖലയിൽ കഴിഞ്ഞ ഒരുമാസമായി ഒരേ രീതിയിൽ ഒരു ദിവസം അഞ്ചോളം സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് കവർച്ച തുടരുകയാണ്. കാട്ടാക്കടയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പതിനഞ്ചോളം സ്ഥാപങ്ങളിൽ നിന്നായി ഹാർഡ് ഡിസ്ക്കും, പണവും, സ്റ്റേഷണറി സാധനങ്ങളും, സ്വർണ്ണവും ഉൾപ്പടെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കച്ചവടക്കാർക്ക് ഉണ്ടായിരിക്കുന്നത്. പരിശോധനകൾ നടത്തുന്നതല്ലാതെ മോഷ്ടാക്കളെകുറിച്ചു യാതൊരു വിവരവും ലഭിച്ചിട്ടില്ല. സ്ഥാപനങ്ങൾ ലക്ഷ്യം വച്ചുള്ള മോഷണം സ്ഥിരമായതോടെ മലയോര മേഖലയിൽ കച്ചവടക്കാരുടെയും ഒപ്പം പോലീസിന്റെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. പോലീസ് കാര്യക്ഷമമായി ഇടപെട്ടു വ്യാപാരികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി സംഘടനകൾ ആവശ്യപ്പെടുന്നു.