കിളിമാനൂർ: കിളിമാനൂർ വാലഞ്ചേരി റസിഡൻറ്‌സ് അസോസിയേഷൻ. പൊളിഞ്ഞുവീഴാറായ വീട്ടിൽ കഴിഞ്ഞിരുന്ന അമ്മയ്ക്കും മകൾക്കും പൊതുജനപങ്കാളിത്തത്തോടെ പുതിയവീട് നിർമിച്ചു നൽകുന്നു.
കിളിമാനൂർ വാലഞ്ചേരി കടയിൽവീട്ടിൽ രാജമ്മ (75), മകൾ ബിന്ദു (45) എന്നിവർക്കുവേണ്ടിയാണ് അസോസിയേഷൻ സ്നേഹവീടൊരുക്കിയത്. കിളിമാനൂർ-പോങ്ങനാട് റോഡിൽ വാലഞ്ചേരി പാലത്തിനുസമീപം മണ്ണുകൊണ്ടു ചുമരുനിർമിച്ച ഓലമേഞ്ഞ വീട്ടിലായിരുന്നു ഈ കുടുംബത്തിന്റെ താമസം. രാജമ്മയുടെ ഭർത്താവ് കുട്ടൻപിള്ള വീടിനോടുചേർന്ന് ചായക്കട നടത്തിയിരുന്നു. ഇതായിരുന്നു ഈ കുടുംബത്തിന്റെ വരുമാനമാർഗം.
കുട്ടൻപിള്ളയുടെ മരണശേഷം കുറച്ചുകാലം മകൻ കട നടത്തിയിരുന്നു. എന്നാൽ, രോഗബാധിതനായി മകനും മരണപ്പെട്ടതോടെ രാജമ്മയും മകളും ആശ്രയമറ്റവരായി. വീട് പൊളിഞ്ഞുവീഴുമെന്നായതോടെ ഇവർ ബന്ധുവീട്ടിൽ അഭയം തേടുകയായിരുന്നു. വിവരമറിഞ്ഞ വാലഞ്ചേരി റസിഡൻറ്‌സ് അസോസിയേഷൻ ഈ കുടുംബത്തിന് വീട് വെച്ചുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ നേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടെയാണ് വീട് നിർമിച്ചത്. പഴയവീടുനിന്ന സ്ഥലത്ത് 550 ചതുരശ്ര അടിയിൽ ഏഴുലക്ഷത്തോളം രൂപ ചെലവിട്ടാണ് വീട് നിർമിച്ചത്. എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള വീട് വ്യാഴാഴ്ച വൈകീട്ട് 4-ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ രാജമ്മയ്ക്കു കൈമാറും. ബി.സത്യൻ എം.എൽ.എ. പങ്കെടുക്കും.