നിലയ്ക്കാമുക്കിലെ വിദേശ മദ്യവിൽപ്പനശാലയുടെ പ്രവർത്തനം എക്സൈസ് വിഭാഗം താത്‌കാലികമായി നിർത്തിവയ്‌പ്പിച്ചു. ഗവ. സ്കൂളിന്റെ മതിലിനോടു ചേർന്ന് പ്രവർത്തിക്കുന്നതിനെതിരേ സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മദ്യശാല അടപ്പിച്ചത്. പുതിയ സാമ്പത്തികവർഷത്തെ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. സ്കൂളിന്റെ മതിലിനോടു ചേർന്ന് മദ്യശാല പ്രവർത്തിക്കുന്നതിനെതിരേ സ്കൂൾ അധികൃതർ ബാലാവകാശ കമ്മിഷനു പരാതി നൽകി. ഇതേത്തുടർന്ന് കമ്മിഷൻ എക്സൈസ് വകുപ്പിന് അന്വേഷണച്ചുമതല നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ മദ്യവിൽപ്പനശാല ഉയർന്ന ഷീറ്റ് കൊണ്ടു മറച്ച് പ്രവർത്തനം തുടർന്നുവരികയായിരുന്നു. ഇതിനെതിരേ സ്കൂളധികൃതർ ഹൈക്കോടതിയിൽ ഹർജി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മദ്യവിൽപ്പനശാല മാറ്റിസ്ഥാപിക്കാൻ കോടതി എക്സൈസ് വകുപ്പിന് നിർദേശം നൽകിയത്. നിയമങ്ങൾ പാലിച്ച് മറ്റൊരിടത്ത് പ്രവർത്തിക്കുന്നതിനു യാതൊരു തടസ്സവും ഇല്ല എന്ന് അധികൃതർ അറിയിച്ചു.
