പാങ്ങോട് : ഭരതന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലാബ് പ്രവർത്തനം ആരംഭിച്ചു. പട്ടികജാതി പട്ടികവർഗ പിന്നോക്ക ജനവിഭാഗങ്ങൾ അധിവസിക്കുന്ന പാങ്ങോട് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ഏക ആശാ കേന്ദ്രമാണ് ഭരതന്നൂർ കുടുംബാരോഗ്യകേന്ദ്രം. പഞ്ചായത്ത് ഭരണസമിതിയാണ് ലാബ് പ്രവർത്തന സജ്ജമാക്കിയത്.ഇ.സി.ജി മെഷീൻ,ഡിജിറ്റൽ എക്സ്റേ മെഷീൻ എന്നിവ അടിയന്തരമായി സ്ഥാപിക്കുമെന്നും കൂടാതെ പൊതു ജനങ്ങളുടെയും സഹായ ഏജൻസികളുടെയും സഹായത്തോടുകൂടി അൾട്രാസൗണ്ട് സ്കാൻ മെഷീൻ,ഡയാലിസിസ് യൂണിറ്റ് എന്നിവ കൂടി സ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് ലാബ് ഉദ്ഘാടനം ചെയ്തുകൊണ്ട് പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിളയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. റജീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീജ, അശ്വതി പ്രദീപ്, വിവിധ വാർഡുകളിലെ മെമ്പർമാർ, ഡോ. രാജീവ്, ഹെൽത്ത് ഇൻസ്പെക്ടർ സുജ, എച്ച്.എം.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു