വെഞ്ഞാറമൂട്ടിൽ കാറിന്റെ ടയർ പഞ്ചറായെന്ന് പറഞ്ഞു കാർ തടഞ്ഞു നിർത്തി ആക്രമിച്ച് പണവും സ്വർണവും കവർന്ന സംഭവം : 4 പേർ കൂടി അറസ്റ്റിൽ

eiN5O9S98718

കാർ യാത്രികനെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച് പണവും സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ കേസിലെ മറ്റു പ്രതികളെ കൂടി പിടികൂടി.

നിലയ്ക്കാമുക്ക് പള്ളി തെക്കതിൽ വീട്ടിൽ വട്ടപ്പള്ളി എന്ന് വിളിപ്പേരുള്ള ഷിബു (35), കരവാരം സലീന മൻസിലിൽ നസീർ (39), കടയ്ക്കാവൂർ ആർ.ബി.ഭവനിൽ രാജേഷ് (35), കടയ്ക്കാവൂർ തടത്തരികത്ത് വീട്ടിൽ സജീർ (42) എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് പനവൂർ വാഴൂർ വിളയിൽ വീട്ടിൽ നാസിം (43), പനവൂർ റാഷിദ് (40) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായവരിൽ ഒട്ടേറെ ക്രിമിനൽ കേസ്സുകളിൽ പ്രതിയായ വട്ടപ്പള്ളി എന്ന് വിളിപ്പേരുള്ള ഷിബുവിനെ ഗുണ്ടാവിരുദ്ധ നിയമപ്രകാരം കടയ്ക്കാവൂർ പോലീസിന്റെ നാട് കടത്തൽ ശിക്ഷ അനുഭവിച്ച് വരുന്ന ആളാണ്. ഇയാളാണ് സംഘത്തലവനെന്ന് പോലീസ് പറയുന്നു.

മെയ്‌ 13ന് രാത്രി 8.30ഓടെ ചുള്ളാളം ജംഗ്ഷന് സമീപം വെഞ്ഞാറമൂട്ടിൽ നിന്ന് ആനാട്ടേക്ക് പോവുകയായിരുന്ന ആനാട് കഴിക്കുംകരപുത്തൻ വീട്ടിൽ മോഹനപ്പണിക്കരെയാണ് (64) കാറിലെത്തിയ സംഘം ആക്രമിച്ചത്.

ഗുജറാത്തിൽ നിന്നും നാട്ടിൽ അവധിക്ക് എത്തിയ മോഹന പണിക്കർ ക്ഷേത്രത്തിൽ നൽകുന്നതിനുവേണ്ടി പൂജ സാധനങ്ങളുമായി വെഞ്ഞാറമൂട് നിന്നും വെള്ളാഞ്ചിറയിലേക്ക് പോകുമ്പോൾ വെള്ളാഞ്ചിറക്ക്‌ സമീപത്തുവച്ച് ഇന്നോവ കാറിൽ പിന്തുടരുകയായിരുന്ന ആറംഗസംഘം മോഹന പണിക്കരുടെ വാഹനത്തെ ക്രോസ്സ് ചെയ്തു നിർത്തുകയും താങ്കളുടെ വാഹനത്തിന്റെ ടയർ പൊട്ടി ഇറങ്ങി നോക്കൂ എന്ന് ആവശ്യപ്പെടുകയും ചെയ്തു . തുടർന്ന് മോഹന പണിക്കർ കാറിൽ നിന്നും ഇറങ്ങി നോക്കുന്ന സമയം മോഷ്ടാക്കൾ ചാടി വീഴുകയും ഇന്നോവ കാറിലേക്ക് വലിച്ചു കയറ്റുകയും ചെയ്തു . ശേഷം മോഹന പണിക്കരെ കാറിന്റെ സീറ്റിൽ കമിഴ്ത്തി കിടത്തിയശേഷം ക്രൂരമായി മർദ്ദിക്കുകയും വായിൽ തുണി തിരുകി കയറ്റി ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു . കയ്യിലുള്ള സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയും പോലീസിനോട് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു . ആരോടും പറയില്ല എന്റെ ജീവൻ മാത്രം മതി എന്ന് പറഞ്ഞ മോഹന പണിക്കരെ വാഹനത്തിൽ നിന്നും തള്ളിയിട്ട് മോഷ്ടാക്കൾ കടന്നുകളഞ്ഞു.

ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ സൈജു നാഥ്, സബ് ഇൻസ്പെക്ടർമാരായ ബിനീഷ് , മനോജ്, ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ ഷിജു,അനൂപ്, ദിലീപ്, പോലീസ് ഉദ്യോഗസ്ഥരായ അഷ്റഫ്, സജീർ, ഗോപൻ, ഷിബു,റാഫി എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.നഷ്ടപ്പെട്ട പതിനൊന്ന് പവനിലധികം തൂക്കം വരുന്ന  സ്വർണാഭരണവും ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!