വലിയമല :വി.എസ്.എസ്.സി യിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ ഒരാൾ പോലീസ് പിടിയിൽ. നെടുമങ്ങാട് കുറുപുഴ പച്ചമല തടത്തരികത്ത് വീട്ടിൽ തോംസൻ മകൻ അനിൽകുമാർ (43)ആണ് പിടിയിലായത്.
താൻ ഉന്നത സർക്കാർ ഉദ്യോഗസ്ഥനാണെന്നും മറ്റ് സർക്കാർ സ്ഥാപനങ്ങളിലെയും, വി.എസ്.എസ്.സി യിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധങ്ങൾ ഉണ്ട് എന്ന വ്യാജേന ഉദ്യോഗാർത്ഥികളെ പറഞ്ഞു വിശ്വസിപ്പിച്ച് PMRPY പദ്ധതി പ്രകാരം തുമ്പ, വട്ടിയൂർക്കാവ്, വലിയമല എന്നീ കേന്ദ്രങ്ങളിൽ സ്വീപ്പർ,പ്യൂൺ, പി.ആർ.ഒ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എൻജിനീയർ തുടങ്ങി വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള വിവിധ തസ്തികകളിൽ 750 ഒഴിവുകൾ ഉണ്ടെന്നും വി.എസ്.എസ്.സി റിക്രൂട്ട്മെന്റ് ബോർഡിലെ ഹെഡ് മുഖേന ജോലി വാങ്ങികൊടുക്കാം എന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്.
തുമ്പ വി.എസ്.എസ്.സി സീനിയർ ഹെഡ് (PGA) ബി.അനിൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വഷണം നടത്തിവരവെ ആണ് പ്രതി ഇന്ന് പിടിയിലായത്.
ഈ കേസിലേക്ക് ഇരുപത്തിയെട്ടോളം പേർ മൊഴി നൽകിയിട്ടുണ്ട്.അത് കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നിന്നുള്ള നിരവധിപേർ പ്രതിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
അന്വഷണത്തിൽ രണ്ടരക്കോടിരൂപയുടെ സാമ്പത്തിക ഇടപാടുകൾ പ്രതിയുടെ അക്കൗണ്ട് വഴി നടന്നിട്ടുള്ളതായും മറ്റ് കൂടുതൽപേർ ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായും വെളിവായിട്ടുണ്ട്.
നേരിട്ടും പ്രതി അനവധിപേരിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ട്.
അന്വേഷണത്തിനിടെ പ്രതിയെക്കുറിച്ച് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ എസ് ഗോപിനാഥ് ഐ.പി.എസ് ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഡി.വൈ.എസ്.പി എം.കെ സുൽഫിക്കറിന്റെ മേൽനോട്ടത്തിൽ വലിയമല പോലീസ് ഇൻസ്‌പെക്ടർ ജി.സുനിൽ സബ്ഇൻസ്‌പെക്ടർമാരായ അൻസാരി.എസ്, സുനിൽകുമാർ.വി, സീനിയർ സിവിൽ പോലീസ് ഓഫീസർ സനൽ രാജ് സിവിൽ പോലീസ് ഓഫീസർ സുജുകുമാർ എന്നിവരുടെ സംഘമാണ് കേസ് അന്വഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.