വിളപ്പിൽ : അമിതവേഗത്തിൽ ബൈക്കോടിക്കുന്നത് വിലക്കിയതിൽ പ്രകോപിതരായി നാടൻ ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചവരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുളിയറക്കോണം സ്വദേശി വിപിനാ (21, ആനന്ദ്)ണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച ചൊവ്വള്ളൂർ പാറമുക്കിലാണ് സംഭവം. വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ബൈക്ക് ഓടിച്ചതിനാണ് നാട്ടുകാർ തടഞ്ഞുനിർത്തി അമിതവേഗത്തിൽ വണ്ടിയോടിച്ച യുവാക്കളെ താക്കീത് ചെയ്തത്.
നാട്ടുകാരുമായി വാക്കുതർക്കത്തിലായ ഇവർ ബോംബെറിയുമെന്ന് ഭീഷണി മുഴക്കിയിട്ടാണ് സ്ഥലത്തുനിന്ന് പോയത്. ശനി പുലർച്ചെ 4.45ഓടെ നാട്ടുകാർക്കുനേരെ നാടൻ ബോംബ് എറിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. സയന്റിഫിക് അസിസ്റ്റന്റ്, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കാട്ടാക്കട ഡിവൈഎസ്‌പി പ്രശാന്ത് കുമാർ സ്ഥലം സന്ദർശിച്ചു.
ഉദ്യോഗസ്ഥരായ എൻ സുരേഷ് കുമാർ, ഗംഗ പ്രസാദ്, ബൈജു, ആനന്ദക്കുട്ടൻ, അരുൺ, ജയശങ്കർ, സനൽ, പ്രവീൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൂടുതൽ പ്രതികളെക്കുറിച്ചും സ്ഫോടക വസ്തുവിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് വിളപ്പിൽശാല പൊലീസ് അറിയിച്ചു.