ആറ്റിങ്ങൽ : ആറ്റിങ്ങലിൽ എട്ടു വയസ്സുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ ഉത്തരവ്. പോലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25000 രൂപയും ഈടാക്കാനാണ് സർക്കാർ ഉത്തരവ്. പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം ഈടാക്കി പരാതിക്കാർക്ക് നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തറവിറക്കിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്താണ് കുട്ടിയേയും പിതാവിനേയും അപമാനിച്ചത്. എന്നാൽ സംഭവം വലിയ വിവാദമായിട്ടും ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലംമാറ്റുക മാത്രമാണ് സർക്കാർ ചെയ്തത്. ഇതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെൺകുട്ടിയും പിതാവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. തുടർന്ന് കേസിൽ വാദം കേട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സംസ്ഥാന സർക്കാർ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്. ഇത്തരം കേസുകളിൽ നഷ്ടപരിഹാരം നൽകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന സർക്കാർ വാദം തള്ളിയാണ് ഹൈക്കോടതി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിറക്കിയത്.