വർക്കല : നടുറോഡിൽ അക്രമം നടത്തിയ യുവാവ് തടയാൻ എത്തിയ പോലീസിനേയും കയ്യേറ്റം ചെയ്തു. യുവാവിനെ വർക്കല പോലീസ് ബലമായി കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. വെട്ടൂർ അരിവാളം സ്വദേശി റിയാസ് ആണ് അറസ്റ്റിൽ ആയത്.
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഫെഡറൽ ബാങ്കിന് മുന്നിൽ ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചോദ്യം ചെയ്ത നാട്ടുകാരെയും പ്രതി ആക്രമിച്ചു. വിവരമറിഞ്ഞു മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയെ വർക്കല സബ് ഇൻസ്‌പെക്ടർ രാഹുൽ , പ്രൊബേഷണൽ എസ് ഐ ശരത് , ജെസ്സിൻ എന്നിവരെയും പ്രതി കയ്യേറ്റം ചെയ്തു. തുടർന്ന് വർക്കല എസ്എച്ച്ഒ സനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.
സ്ഥിരമായി മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ആക്രമണം നടത്തുന്ന സ്വഭാവം ഇയാൾക്ക് ഉണ്ടെന്ന് പോലീസ് പറഞ്ഞു. സമാന സ്വഭാവമുള്ള കേസ് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ രണ്ട് മാസം മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ എസ്ഐ രാഹുലിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.