അഴൂർ: രണ്ടു വീടുകൾക്കു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. രാത്രിയായിരുന്നു സംഭവം. മുടപുരം -മുട്ടപ്പലം റോഡിൽ മുട്ടപ്പലം ചെക്കിട്ടുവിള ജംഗ്ഷനിൽ വന്ദേമാതരം വീട്ടിൽ വിജയകുമാറിന്റെ വീടിനു നേരെയും മുടപുരം തെങ്ങുംവിള ജംക്ഷനിലെ പറിങ്കിമാം വിള വീട്ടിൽ ശ്രീജയുടെ വീട്ടിനു നേരെയുമാണ് കല്ലേറുണ്ടായത്. വിജയകുമാറിന്റെ വീടിനു മുന്നിൽ പാർക്കുചെയ്തിരുന്ന കാറിന്റെ ഗ്ലാസ് പൂർണമായും തകർന്നു. വീടിന്റെ മുൻവശത്തെ ജനലിന്റെ ഗ്ലാസും തകർന്നു. മുട്ടപ്പലം ഭാഗത്തു നിന്ന് ഇരുചക്ര വാഹനത്തിൽ എത്തിയ ആൾ വീടിനടുത്തെത്തുന്നതിനു മുന്നേ വാഹനം നിറുത്തി മതിലിനു പുറത്തുനിന്ന് വീടിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി കാമറയിൽ മുഖം പതിയാതിരിക്കാൻ കുനിഞ്ഞു നിന്ന് മൂന്ന് തവണ കല്ലെറിഞ്ഞ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ശ്രീജയുടെ വീട്ടിനു നേരെയും നാല് തവണ കല്ലേറുണ്ടായി. വീടിന്റെ മുൻവശത്തെ ജനലിന്റെ ഗ്ലാസുകൾ തകർന്നു. ഇത് സംബന്ധിച്ച് ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി അനേഷണം തുടങ്ങി.