ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ബസ്സിൽ നിന്ന് വീണ നഗരസഭ കൗൺസിലറുടെ പണമടങ്ങിയ പേഴ്സ് മോഷണം പോയി. നഗരസഭ ഒന്നാം വാർഡ് കൗൺസിലർ ലൈല ബീവിയുടെ പേഴ്സ് ആണ് മോഷണം പോയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. നഗരസഭയിലേക്ക് ബസ്സിൽ പോയ ലൈല ബീവി കച്ചേരി ജംഗ്ഷനു സമീപം ബസ്സിൽ നിന്ന് ഇറങ്ങുമ്പോഴാണ് തല ഇടിച്ചു വീണത്. ഉടനെ തന്നെ അവിടെ ഉണ്ടായിരുന്നവരിൽ ചിലർ ചേർന്നു കൗൺസിലറെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ശേഷം സ്കാനിംഗും നടത്തി. എന്നാൽ ചെറിയ മുറിവുകൾ മറ്റു പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എങ്കിലും കൗൺസിലർ ആശുപത്രിയിൽ തന്നെ തുടരുകയാണ്.
അതേ സമയം, ലൈല ബീവിയുടെ കയ്യിൽ ഒരു ഹാൻഡ് ബാഗ് ഉണ്ടായിരുന്നു. ആശുപത്രിയിൽ എത്തിയ ശേഷമാണ് ആളുകൾ ഹാൻഡ് ബാഗ് തിരിച്ചേൽപ്പിച്ചത്. ഹാൻഡ് ബാഗ് പരിശോധിച്ചപോൾ അതിനുള്ളിൽ ഉണ്ടായിരുന്ന പേഴ്സ് മോഷണം പോയതായി മനസ്സിലായി. പേഴ്സിനുള്ളിൽ പതിനായിരം രൂപയും, എടിഎം കാർഡ്, ആധാർ കാർഡ് തുടങ്ങിയവ ഉണ്ടായിരുന്നു. മകന് ഇലക്ട്രിക് പോസ്റ്റ് ഇടുന്നതിനു കെഎസ്ഇബിയിൽ അടയ്ക്കാൻ കൊണ്ടുപോയ പണമാണ് നഷ്ടമായത്. ലൈല ബീവി ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ബസ്സിൽ നിന്ന് വീണത് മുതൽ ആശുപത്രിയിൽ എത്തുന്നത് വരെ ഹാൻഡ് ബാഗ് ലൈല ബീവിയുടെ കയ്യിൽ ഇല്ലായിരുന്നു. ഇതിനിടയിൽ ആവണം ബാഗ് തുറന്നു പേഴ്സ് മോഷ്ടിച്ചത്.