ആറ്റിങ്ങൽ : ദേശീയപാതയിൽ ആലംകോടിനു സമീപം കൊച്ചുവിള മുക്കിൽ കോഴി കയറ്റി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ആറര മണിയോടെ കൊച്ചുവിള മുക്കിൽ പെട്രോൾ പമ്പിനു മുന്നിലാണ് അപകടം നടന്നത്. കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് കോഴിയും കയറ്റി പിക്കപ്പ് വാൻ എതിർ ദിശയിൽ വന്ന ഹോണ്ട സിറ്റി കാറിനു മുകളിലേക്കാണ് മറിഞ്ഞത്. കാറിൽ ഉണ്ടായിരുന്ന ദമ്പതികൾ എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഭയന്ന് പോയി. കാറിൽ എയർ ബാഗ് പ്രവർത്തിച്ചതിനാൽ ദമ്പതികൾ പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു.പിക്കപ് വാൻ അമിത വേഗതയിലാണ് വന്നതെന്നും പെട്ടെന്ന് വെട്ടിത്തിരിച്ചതാവാം അപകടത്തിനു കാരണമെന്നും നാട്ടുകാർ പറഞ്ഞു. പിക്കപ്പ് വാനിൽ 3 പേരാണ് ഉണ്ടായിരുന്നത്. വാനിന്റെ പുറകിൽ നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു. ഒരുപക്ഷെ അമിത വേഗതയിൽ പോകാൻ വേണ്ടിയാകും നമ്പർ പ്ലേറ്റ് മാറ്റിയതെന്നും നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു. അപകട സമയം ഹൈവേ പോലീസ് എസ്ഐ ജയനും സംഘവും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. നാട്ടുകാരും പോലീസും ചേർന്ന് ഗതാഗത തടസ്സം ഒഴിവാക്കി.
